Saturday, May 18, 2024
Latest:
Kerala

കൊവിഡ് കള്ളി’യെന്ന് ഉൾപ്പെടെ വിളിച്ച് വ്യക്തിപരമായ അധിക്ഷേപം; സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ

Spread the love

തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപ പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. കൊവിഡ് കള്ളി എന്നുൾപ്പെടെ വിളിച്ച് നടത്തുന്ന പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് കെ കെ ശൈലജ പറഞ്ഞു. വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ശൈലജയുടെ പേര് നിശ്ചയിച്ചതിന് ശേഷം തനിക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. എല്ലാം ജനത്തിനറിയാമെന്നും തന്നെ തെറിവിളിച്ചെന്ന് കരുതി എതിർസ്ഥാനാർത്ഥികൾക്ക് വോട്ടുലഭിക്കില്ലെന്നും കെ കെ ശൈലജ ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ആരോ​ഗ്യമന്ത്രിയായിരിക്കെ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെടുത്തിയാണ് കെ കെ ശൈലജയ്ക്കെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുയരുന്നത്. 15000 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ കുറ്റബോധമില്ലെന്നും അത് ശരിയായ നടപടിയായിരുന്നെന്നും കെ കെ ശൈലജ ട്വന്റിഫോറിലൂടെ വിശദീകരിച്ചു.

വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നാണ് ശൈലജ വ്യക്തമാക്കിയിരിക്കുന്നത്. യഥാർത്ഥ ഐഡികൾ വഴിയല്ലെന്നും വ്യാജ പ്രൊഫാലുകൾ വഴിയാണ് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.