മയക്കുവെടി വയ്ക്കും മുമ്പ് കടന്നുകളഞ്ഞു; കണ്ണൂരില്‍ നാട്ടിലിറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു
കണ്ണൂര്‍: അടയ്ക്കാത്തോട് നാട്ടിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഇനിയുമായില്ല. ഇന്നലെ പകൽ മുഴുവൻ പ്രദേശത്തെ റബ്ബർ തോട്ടത്തിലെ ചതുപ്പിൽ കിടന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം.
ഇതനുസരിച്ച് കാസർകോട് നിന്ന് വെടിവയ്ക്കാൻ ആളെത്തിയെങ്കിലും ഇരുട്ട് വീണതോടെ കടുവ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഡിഎഫ്ഓ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധമറിയിച്ചു.
ഒരാഴ്ചയായി ജനവാസമേഖലയിൽ കറങ്ങുന്ന കടുവയെ പിടികൂടാൻ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. ഇതിനിടെ വനം വകുപ്പ് നിരീക്ഷണത്തിനിടെയാണ് റബ്ബർ തോട്ടത്തിൽ കടുവയെ കണ്ടത്. പ്രായമേറിയ കടുവയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് സൂചന. ഇതാകാം കാട് കയറാതെ കടുവ നാട്ടില്‍ തന്നെ തുടരുന്നത്. ദീര്‍ഘസമയം ഒരിടത്ത് തന്നെ തുടരുന്ന ശാരീരികമായ അവശതയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.
എന്തായാലും കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്. വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം സ്വൈര്യമായി വിഹരിക്കുന്ന കടുവയുടെ വീഡിയോകള്‍ പുറത്തുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ കടുവ നിര്‍ബാധം വിഹരിക്കുന്ന സാഹചര്യത്തില്‍ ജനസുരക്ഷ കണക്കിലെടുത്താണ് നിരോധനാജ്ഞ.