പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
ലോക്സഭ പ്രചരണത്തിനായി പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 11-ഓടെയാകും പ്രധാനസേവകൻ ജില്ലയിലെത്തുക. അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ പ്രമാടം സ്റ്റേഡിയത്തിൽ ഇറങ്ങുന്ന അദ്ദേഹം റോഡ് മാർഗം ജില്ലാ സ്റ്റേഡിയത്തിലെത്തും.
ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രിയെത്തും. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ അടക്കമുള്ളവരും സമ്മേളന വേദിയിലുണ്ടാകും.
ഇന്ന് കന്യാകുമാരിയിലും തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനായി പ്രധാനമന്ത്രി എത്തുന്നുണ്ട്. പത്തനംതിട്ടയിലെ പ്രചരണത്തിന് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. 19-ന് പാലക്കാട്ട് പ്രധാനമന്ത്രി എത്തുന്നുണ്ട്. അവിടെ റോഡ് ഷോയിൽ പങ്കെടുക്കും.