Kerala

പത്മജ കേരളത്തിൽ മുഴുവൻ പ്രചരണത്തിനിറങ്ങും; ബിജെപിയിലേക്ക് കൂടുതൽ പേർ വരുമെന്ന് സി കൃഷ്ണകുമാർ

Spread the love

സിപിഐഎം കോൺഗ്രസ് നേതാക്കളുമായി ചർച്ച നടന്നത് സ്ഥിരീകരിച്ച് ബിജെപി. അസംതൃപ്തരുമായി ചർച്ച നടന്നു. ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.

കോൺഗ്രസ് മുൻ എംപിമാർ, എംഎൽഎമാർ തുടങ്ങി മുതിർന്ന നേതാക്കൾ ലിസ്റ്റിലുണ്ട്. ബിജെപിയിലേക്കെത്തിയ പത്മജ വേണുഗോപാലിന് പ്രചാരണത്തിന് വിലക്കില്ലെന്നും സി കൃഷ്ണകുമാർ പറഞ്ഞു. പാർട്ടി നിർദേശമനുസരിച്ച് കേരളത്തിൽ മുഴുവൻ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പത്മജയെ തൃശൂരില്‍ പ്രചാരണത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കില്‍ പത്മജയെ പാര്‍ട്ടിയിലേക്ക് എടുക്കില്ലെന്ന് തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞു.

പത്മജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതില്‍ കേരളനേതാക്കള്‍ക്ക് ആര്‍ക്കും പങ്കില്ല. തന്നെ സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ നേതൃത്വം പറയുന്നതാകും താന്‍ അനുസരിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. പത്മജ വേണുഗോപാല്‍ തന്റെ സഹോദരിയുടെ സ്ഥാനത്താണ്. പത്മജയ്‌ക്കൊപ്പം പാര്‍ട്ടി നിശ്ചയിക്കുന്ന വേദികള്‍ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമര്‍പ്പണമാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.