നരേന്ദ്രമോദിയുടേത് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി വന്ന സർക്കാർ: വി. മുരളീധരൻ
പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാവർക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കിയാണ് നരേന്ദ്രമോദി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മന്ത്രിമാരാകട്ടെ, ഉദ്യോഗസ്ഥരാകട്ടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.
പൊതുജനപങ്കാളിത്തത്തോടെയുള്ള സദ്ഭരണമാണ് 10 വർഷം രാജ്യം കണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് നാഗർകോവിൽ–കോട്ടയം എക്സ്പ്രസിൻ്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസ് ക്ലാര്‍ക്കിനെക്കൊണ്ട് നിവേദനം തയാറാക്കി മന്ത്രിക്ക് കൊടുക്കാൻ ആര്‍ക്കും പറ്റും. അതുകൊണ്ട് ജനങ്ങളുടെ ആവശ്യം നടപ്പാവില്ല. ജനങ്ങളിലേക്ക് ഇറങ്ങി വന്ന് അത് ഉറപ്പ് വരുത്താൻ കൂടി ജനപ്രതിനിധികൾക്ക് കഴിയണം എന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം ,സ്റ്റേഷൻ മാസ്റ്റർ സ്ഥിരം നിയമനാടിസ്ഥാനത്തിൽ വേണം, യാത്രക്കാർക്ക് മുറിച്ചുകടക്കാൻ മേൽപ്പാലമോ അടിപ്പാതയോ വേണം തുടങ്ങിയ ആവശ്യങ്ങളും മൂന്നാം നരേന്ദ്രമോദി സർക്കാർ നടപ്പാക്കും എന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ റെയില്‍വെ വികസനത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുന്തിയ പരിഗണന കിട്ടുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.