Kerala

‘ദീപ്തിയാണ് ജയരാജനെ പോയി കണ്ടത്’; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ദീപ്തി ഉമാ തോമസിനു വോട്ട് ചെയ്തില്ലെന്ന് ടിജി നന്ദകുമാർ

Spread the love

ദീപ്തി മേരി വർഗീസ് പറഞ്ഞത് കള്ളമെന്ന് വിവാദ ദല്ലാൾ ടിജി നന്ദകുമാർ. ദീപ്തി ഇപി ജയരാജനെയാണ് പോയി കണ്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ദീപ്തി ഉമാ തോമസിന് വോട്ട് ചെയ്തില്ല എന്നും നന്ദകുമാർ പറഞ്ഞു.

വിവി പാറ്റ് രസീതിന്റെ കോപ്പി തനിക്ക് വാട്സാപ്പിൽ അയച്ചുതന്നു. താൻ അത് സൂക്ഷിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞാണ് ദീപ്തി മേരി വർഗീസ് ഇപി ജയരാജനെ പാലാരിവട്ടത്ത് പോയി കണ്ടത്. തൃക്കാക്കരയിൽ ഉമ തോമസിൻ്റെ മകൻ സ്ഥാനാർത്ഥിയാകുമെന്ന് ദീപ്തി തന്നോട് പറഞ്ഞു. ദീപ്തി പറഞ്ഞത് അസംബന്ധമാണ്. പത്മജ ഫോണിൽ കൂടി പറഞ്ഞു, ദീപ്തി നേരിൽ വന്നു പറഞ്ഞു എന്നും നന്ദകുമാർ പ്രതികരിച്ചു.

ഇപി ജയരാജനും പി രാജീവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദീപ്തി മേരി വർഗീസ് രംഗത്തുവന്നിരുന്നു. സിപിഐഎമ്മിലേക്കും ബിജെപിയിലേക്കുമുള്ള റിക്രൂട്ടറാണ് ഇപി ജയരാജൻ എന്ന് ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു. പി രാജീവ് ഡമ്മി മന്ത്രിയാണെന്നും ദീപ്തി ആരോപിച്ചു.

മഹാരാജാസ് കോളജിൽ ഇടിമുറിക്ക് നേതൃത്വം നൽകിയ ആളാണ് ഇപി. പെൺകുട്ടികളോട് ഉൾപ്പെടെ മോശമായി രാജീവ് സംസാരിച്ചിരുന്നു. ആർഷോയെക്കാൾ മോശമായിരുന്നു രാജീവിന്റെ പദപ്രയോഗങ്ങൾ. ഇപ്പോഴാണ് രാജീവ് മാന്യമായി സംസാരിക്കുന്നത്. മഹാരാജാസ് കോളജിലെ വിദ്യാർത്ഥി രാജീവ് അവിടെ എന്തിനു വന്നിരുന്നു എന്ന് പറയണം. ഡമ്മി മന്ത്രിയാണ് രാജീവ്. പിണറായിയും മരുമകനും പറയുന്നത് കേൾക്കുകയാണ് രാജീവിന്റെ ജോലി. രാജീവ് കൂടുതൽ പറഞ്ഞാൽ ബാക്കി ചരിത്രം കൂടി താൻ പറയുമെന്നും ദീപ്തി പ്രതികരിച്ചു.

വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി നേരത്തെ ദീപ്തി മേരി വര്‍ഗീസ് രംഗത്തുവന്നിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നേരിട്ട് തന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. എന്നാല്‍ മറ്റൊന്നും ചിന്തിക്കാതെ താന്‍ ഓഫര്‍ നിരസിക്കുകയായിരുന്നെന്നും ദീപ്തി പറഞ്ഞു.

പത്മജ വേണുഗോപാലിനെയും മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളെയും സിപിഐഎമ്മില്‍ എത്തിക്കാന്‍ ശ്രമം നടന്നുവെന്നായിരുന്നു ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. നേരത്തെ ഇതില്‍ ദീപ്തിയുടെ പേര് പറയാതെ എറണാകുളത്തെ കോണ്‍ഗ്രസിന്റെ വനിതാ നേതാവെന്നായിരുന്നു വിശേഷണം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ആവശ്യപ്രകാരമായിരുന്നു ഇടപെടലെന്നാണ് വെളിപ്പെടുത്തല്‍.