Kerala

തിരുവനന്തപുരത്ത് നിന്ന് കാണാതായ ശേഷം തിരികെ കിട്ടിയ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; കുട്ടിയിൽ നിന്ന് മൊഴിയെടുത്തു

Spread the love

തിരുവനന്തപുരം ചാക്കയിൽ നിന്ന് കാണാതായ ശേഷം തിരികെ കിട്ടിയ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മേരിയെ അല്പം മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. കുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി. പൂജപ്പുര വനിതാ ശിശു വികസന ഡയറക്ടറേറ്റിൽ എത്തിച്ചാണ് CWC കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

സംഭവത്തിലെ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. 19 മണിക്കൂർ നീണ്ട ആശങ്കയ്‌ക്കൊടുവിൽ കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. എന്നാൽ കുട്ടി എങ്ങനെ അവിടെ എത്തി എന്നതിൽ വ്യക്തതയില്ല. കുട്ടിയുടെ ശരീരത്തിൽ കാര്യമായ പോറലുകളൊന്നും ഇല്ലാത്തതിനാൽ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിൻ്റെ നിഗമനം.

പ്രദേശത്ത് പരിശോധന നടത്തിയ പൊലീസുകാർ തന്നെയാണ് കൊച്ചുവേളിയിൽ കാട് വളർന്ന് മറഞ്ഞ നിലയിലുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിലും അവിടെ നിന്ന്, എസ് എ ടി ആശുപത്രിയിലേക്കും എത്തിച്ച് കുട്ടിയെ കൂടുതൽ പരിശോധനകൾക്ക് വിധേയയാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകൽ ആണോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കിയാണ്. വിശദമായ അന്വേഷണത്തിനു ശേഷമേ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.