Kerala

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; അന്വേഷണത്തിനായി പത്തംഗ പ്രത്യേക സംഘം

Spread the love

കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിനായി പത്തംഗ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലാണ് സംഘം കേസ് അന്വേഷിക്കുക. പ്രതി നിതീഷിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചത്.

വിജയന്റെ മകളിൽ നിതീഷിനു ജനിച്ച കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനുള്ള തിരച്ചിൽ തുടരുമെന്ന് ഡിഐജി വ്യക്തമാക്കിയിരുന്നു. മൂന്നുദിവസമായി കട്ടപ്പന ഇരട്ടക്കൊലപാത കേസിലെ മുഖ്യപ്രതി നിതീഷ് പോലീസ് കസ്റ്റഡിയിലായിരുന്നു. നവജാത ശിശുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിതീഷ് മൊഴിമാറ്റി പറയുന്നത് പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്.

തൊഴുത്തിൽ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനുശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും, അവശിഷ്ടം വിജയൻ പുഴയിൽ ഒഴുക്കിയെന്നുമാണ് നിതീഷിന്റെ പുതിയ മൊഴി. കുഞ്ഞിനെ 2016ൽ കൊലപ്പെടുത്തി സാഗര ജംക്‌ഷനിലെ വീടിനോടു ചേർന്നുള്ള തൊഴുത്തിൽ കുഴിച്ചിട്ടതായുള്ള നിതീഷിന്റെ മൊഴിയെ തുടർന്നു രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധന വിഫലമായിരുന്നു.

മാർച്ച് 2നു പുലർച്ചെ കട്ടപ്പനയിലെ വർക്‌ഷോപ്പിലെ മോഷണശ്രമത്തിനിടെ വിജയന്റെ മകൻ വിഷ്ണുവും നിതീഷും പിടിയിലായത്. മോഷണത്തിന് പിടികൂടിയ പ്രതികൾ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലാണ്. കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയിരുന്നു.