National

സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് എസ്ബിഐ; ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

Spread the love

സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ഇലക്ടറൽ ബോണ്ട് വിവരങ്ങളെല്ലാം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഇന്ന് 5 30 വരെ ആയിരുന്നു വിവരങ്ങൾ കൈമാറാൻ സുപ്രീംകോടതി എസ്ബിഐക്ക് അനുവദിച്ച സമയം. 5.30ന് തന്നെ എസ് ബി ഐ വിവരങ്ങൾ കൈമാറുകയായിരുന്നു. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സുപ്രീംകോടതിയിൽ സീൽ ചെയ്ത കവറിൽ മാത്രം സമർപ്പിച്ചിരുന്ന ഇലക്ടറൽ ബോണ്ട് വിവരങ്ങളും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും.

ഇലക്ടറല്‍ ബോണ്ട് കേസില്‍ നരേന്ദ്രമോദിയുടെ ഡൊണേഷന്‍ ബിസിനസ് ഉടന്‍ പുറത്തുവരുമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

ബോണ്ട് വിവരങ്ങള്‍ ഉടൻ നല്‍കാന്‍ ഉത്തരവിട്ട കോടതി ജൂണ്‍ 30വരെ സാവകാശം വേണമെന്ന എസ്.ബി.ഐയുടെ ഹര്‍ജി തള്ളുകയായിരുന്നു. അതുപ്രകാരമാണ് എസ്.ബി.ഐ വിവരങ്ങള്‍ നൽകിയത്. കോടതി വിധിവന്നിട്ട് 26 ദിവസമായിട്ടും എസ്.ബി.ഐ എന്ത് നടപടിയെടുത്തെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചിരുന്നു.