National

ഇലക്ടറൽ ബോണ്ട് വഴി കിട്ടിയ പണം മൂടിവെക്കാൻ സർക്കാർ ശ്രമിക്കുന്നു; ഭരണഘടന തിരുത്താനുള്ള ശ്രമം ഉണ്ടായാൽ തടയും: മല്ലികാർജുൻ ഖർഗെ

Spread the love

ഇലക്ടറൽ ബോണ്ട് വഴി കിട്ടിയ പണം മൂടി വെക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. തെരഞ്ഞെടുപ്പ് കമീഷൻ, സിബിഐ ഡയറക്ടർ നിയമനത്തിലുമെല്ലാം സമിതിയിലുള്ള പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായം തള്ളിക്കളയുന്നു. എസ്ബിഐക്ക് പെട്ടന്ന് തന്നെ പുറത്ത് വിടാൻ കഴിയുന്ന വിവരമാണ് എല്ലാം. പക്ഷേ, മറച്ച് വയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന തിരുത്താനുള്ള ശ്രമം ഉണ്ടായാൽ അത് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കും. ഈ നീക്കം തടയും. സർക്കാർ ഏകപക്ഷീയമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള നിയമനങ്ങൾ നടത്തുന്നത്. പ്രതിപക്ഷ അഭിപ്രായം പരിഗണിക്കാറില്ല. ഭരണഘടനക്കെതിരെ ആർഎസ്എസ് മേധാവി മുതൽ ബിജെപി എംപിമാർ വരെ പറയുന്നു. പക്ഷേ, മോദി നിശബ്ദത പാലിക്കുന്നു. എന്തുകൊണ്ട് പരാമർശങ്ങളെ മോദി തള്ളി പറയുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

ഇലക്ടറൽ ബോണ്ട് കേസിൽ സാവകാശം തേടിയ എസ്ബിഐയെ സുപ്രിം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജൂൺ 31 വരെ സമയം വേണമെന്ന ആവശ്യം തള്ളി. നാളെതന്നെ എസ്ബിഐ വിവരങ്ങൾ കൈമാറണം. 15 മാർച്ചിന് മുൻപ് ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിയ്ക്കണം. നാളെ 5:30ന് മുൻപ് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണം എന്നാണ് ഉത്തരവ്.

കോടതി നിർദ്ദേശം പാലിച്ച് ഇലക്ട്രൽ ബോണ്ടുകൾ നൽകുന്നത് നിർത്തി എന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. സമയം തേടിയ എസ്ബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. ഉത്തരവ് പാലിക്കണമെന്നറിയിച്ച കോടതി ഫെബ്രുവരി 15 മുതൽ ഇന്നുവരെ എന്ത് ചെയ്യുകയായിരുന്നു എന്നും ചോദിച്ചു.

നിങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണല്ലോ എന്ന് സുപ്രിം കോടതി പറഞ്ഞു. വിവരങ്ങൾ രണ്ട് ഇടങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഉത്തരവ് പാലിക്കാൻ ബുദ്ധിമുട്ടാണെന്നാണോ? എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഉത്തരവിൽ കൃത്യമായിരുന്നല്ലോ. അപേക്ഷയുടെയും കെ.വൈ.സി യുടെയും അടിസ്ഥാനത്തിൽ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ വങ്ങാൻ അനുവദിച്ചിരുന്നുള്ളു എന്നത് വസ്തുതയാണ് എന്ന് നിരീക്ഷിച്ച കോടതി രാഷ്ട്രിയ പാർട്ടികൾക്ക് കറണ്ട് അകൌണ്ടിലൂടെ 19 ഡെസിഗനേറ്റഡ് ബ്രാഞ്ചുകളിലൂടെ മാത്രമേ ഇലക്ടറൽ ബോണ്ട് വാങ്ങാൻ സാധിച്ചിരുന്നുള്ളു എന്നത് വസ്തുതയാണെന്നും കൂട്ടിച്ചേർത്തു.