‘മരിച്ച 2 കുട്ടികളുടെ ശരീരത്തില്‍ കാര്യമായ മുറിവുകളില്ല’, ദുരൂഹത തള്ളാതെ പൊലീസ്; പോസ്റ്റ്‍മോര്‍ട്ടം നാളെ
തൃശൂര്‍:തൃശൂര്‍ ജില്ലയിലെ ശാസ്താംപൂവത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ 2 ആദിവാസി കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ തള്ളാതെ പൊലീസ്. അസ്വഭാവിക മരണമായി കണ്ടുകൊണ്ട് വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എല്ലാ സാധ്യതയും പരിശോധിക്കുമെന്നും രണ്ടു കുട്ടികളുടെയും പോസ്റ്റ്‍മോര്‍ട്ടം നാളെ നടക്കുമെന്നും തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ പറഞ്ഞു. രണ്ട് മൃതദേഹങ്ങളുടെ പുറത്ത് അധികം മുറിവുകള്‍ പ്രാഥമിക പരിശോധനയില്‍ കാണുന്നില്ല. തേൻ ശേഖരിക്കാൻ പോയപ്പോഴാണോ അപകടം നടന്നതെന്ന സംശയവും നിലനില്‍ക്കുന്നുണ്ടെന്നും എല്ലാ സാധ്യതയും വിശദമായി അന്വേഷിക്കുമെന്നും നവനീത് ശര്‍മ പറഞ്ഞു
നാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്‍മോര്‍ട്ടം നടക്കുക. കോളനിയുടെ സമീപത്ത് നിന്നാണ് ഇന്ന് വൈകിട്ടോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്നുമാണ് കുട്ടികളെ കാണാതാകുന്നത്. വനം വകുപ്പും പൊലീസും ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ സജി കുട്ടനും അരുൺ കുമാറും വഴി തെറ്റി ഉൾകാട്ടിൽ അകപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍ അന്വേഷണം നടത്തിയത്. അനുജൻ സജി കുട്ടനായുള്ള കാത്തിരിപ്പിലായിരുന്നു സോഹദരി ചന്ദ്രിക.
കഴിഞ്ഞ ശനിയാഴ്ചയാണ് 16 കാരനായ സജിക്കുട്ടനെയും അയൽവാസിയായ എട്ടു വയസ്സുകാരൻ അരുൺകുമാറിനെയും കാണാതാകുന്നത്. ഇരുവരും കാടിനടുത്തുള്ള ബന്ധു വീട്ടിൽ പോയതാകാം എന്നാണ് രക്ഷിതാക്കൾ ആദ്യം കരുതിയത്. പിന്നീട് പോലീസിൽ പരാതിപ്പെടുകയായിരുന്നു.ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ ആറുമണി മുതൽ വീണ്ടും തിരച്ചിൽ തുടങ്ങി. പത്തു പേരുള്ള 7 സംഘങ്ങളായാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും പല ചോദ്യങ്ങളും അവശേഷിക്കുകയാണ്. രണ്ട് കുട്ടികളും എന്തുകൊണ്ടാണ് കാട്ടിനകത്തേക്ക് പരിധി വിട്ട് പോയത്? എന്താണ് അവര്‍ക്ക് കാട്ടിനകത്ത് സംഭവിച്ചത്? എന്നുതുടങ്ങി പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്.
കാട്ടിനകത്തെത്തി വഴി തെറ്റി കുട്ടികള്‍ ഉള്‍ക്കാട്ടിലെവിടെയോ പെട്ടുപോയി എന്നാണ് എല്ലാവരും ആദ്യം കരുതിയിരുന്നത്. അതേസമയം അരുണിന്‍റെ മൃതദേഹം കണ്ടുകിട്ടിയിരിക്കുന്നത് കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ്. കോളനിയിലെ താമസക്കാരൻ തന്നെയാണ് മൃതദേഹം കണ്ടതും. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇവര്‍ വിവരമറിയിച്ചു.കാട്ടിനുള്ളില്‍ പെട്ടുപോയതാണെങ്കില്‍ എങ്ങനെ കോളനിയുടെ ഇത്രയും അടുത്തായി മൃതദേഹം കാണുമെന്ന സംശയം ഉയരുന്നുണ്ട്. അരുണിന്‍റെ മൃതദേഹം കിടന്നിരുന്നിടത്ത് നിന്ന് 200 മീറ്റര്‍ അകലെയായി സജി കുട്ടന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ഇരുവരുടെയും മൃതദേഹത്തിന്‍റെ പഴക്കത്തിലും വ്യത്യാസമുണ്ട്. ഇതും ദുരൂഹമാവുകയാണ്. ഒരുമിച്ച് പോയവര്‍, ഒരുമിച്ച് കാണാതായി, എന്നാല്‍ മരണം നടന്നിരിക്കുന്നത് വ്യത്യസ്തമായ സമയത്തോ ദിവസങ്ങളിലോ ആണെന്നത് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. കാടിനെ വളരെ അടുത്തറിയാവുന്ന കുട്ടികള്‍ എന്തിന് ഒരുപാട് അകത്തേക്ക് കയറിപ്പോയി എന്ന സംശയവും കോളനിയിലുള്ളവരെ കുഴക്കുന്നു. എന്ത് ലക്ഷ്യത്തിലായിരിക്കും ഇവര്‍ പോയത്, പോയ ശേഷം എന്താണ് ഇവര്‍ക്ക് സംഭവിച്ചത്? എങ്ങനെ മരണം സംഭവിച്ചു? എവിടെ വച്ച് മരിച്ചു?ഇങ്ങനെയുള്ള ചോദ്യങ്ങളെല്ലാം വ്യക്തതയില്ലാതെ ബാക്കി കിടക്കുന്നു.Death