National

മുഹമ്മദ് ഷമിയെ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം; പ്രതികരിക്കാതെ താരം

Spread the love

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഷമിയെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം മുഹമ്മദ് ഷമി സ്ഥിരീകരിച്ചിട്ടില്ല.

യുപിക്കാരനാണ് എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഏറെക്കാലം ബംഗാളിനായി കളിച്ചിട്ടുള്ള മുഹമ്മദ് ഷമിക്ക് സംസ്ഥാനത്ത് വ്യക്തമായ സാന്നിധ്യമുള്ളതായി ബിജെപി കണക്കുകൂട്ടുന്നു. ഷമിയെ തെരഞ്ഞെടുപ്പ് കളത്തിലിറക്കിയാല്‍ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാം എന്നാണ് പാര്‍ട്ടി കരുതുന്നതെന്നും ഇന്ത്യാ ടുഡേ കുറിക്കുന്നു . ബസിര്‍ഹത് ലോക്‌സഭ മണ്ഡലത്തില്‍ ഷമിയെ മത്സരിപ്പിക്കുന്നതിനെ കുറിച്ചാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഏകദിന ലോകകപ്പിന് ശേഷം പരുക്കിലാണ് ഷമി. എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തും എന്ന് വ്യക്തമല്ല. ഇതിനിടെയാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ലോകകപ്പിലേറ്റ പരിക്കിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഷമിക്ക് ആശംസകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ നേര്‍ന്നത് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു.