Kerala

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍’; ആദ്യ പ്രൊപ്പോസൽ നൽകി ബക്കാർഡി ഇന്ത്യ ലിമിറ്റഡ്

Spread the love

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. വിൽപന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചു. GST കമ്മീഷണർ പുതിയ നികുതി നിരക്ക് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം.

ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്.നിലവിൽ 400 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251% വും 400ൽ താഴെയുള്ളതിന് 241% വും ആണ് നികുതി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80% വരെയാക്കണമെന്നാണ് കമ്പനികളുടെ ആവശ്യമെങ്കിലും അത്രയും കുറവിന് നികുതി വകുപ്പ് തയാറല്ല.

20% നും 40%നും ഇടയിൽ ആൽക്കഹോൾ അടങ്ങിയ മദ്യമാണ് ഈ വിഭാഗത്തിൽ വിൽക്കുക. ബീയറിൽ ഉള്ളതിലും കൂടുതലും സാധാരണ മദ്യത്തിലുള്ളതിൽ കുറവുമായിരിക്കും. ഐടി, ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ഈ മദ്യം കൂടി വേണമെന്ന വിലയിരുത്തലിൽ അബ്കാരി നിയമത്തിൽ ഇതു കൂടി ചേർത്ത് ഒരു വർഷം മുൻപ് ഉത്തരവിറങ്ങിയിരുന്നു.

പക്ഷേ നികുതി നിശ്ചയിക്കാത്തതു കൊണ്ടാണ് കമ്പനികൾക്ക് വില തീരുമാനിക്കാൻ കഴിയാതിരുന്നത്.പല സംസ്ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യം ലഭ്യമാണെങ്കിലും ചിലയിടത്തു മാത്രമാണ് നികുതിയിളവ്. കമ്പനികൾ നികുതിയിളവ് തരപ്പെടുത്തിയ ശേഷം വീര്യം കൂടിയ മദ്യം ഇതിന്റെ മറവിൽ വിൽക്കുമെന്ന ആശങ്ക ചില ഉദ്യോഗസ്ഥർ പങ്കുവച്ചിരുന്നു. പഴങ്ങളിൽ നിന്നു വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കി വിൽപന നടത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിലും നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി ലൈസൻസ് ചട്ടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.