മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കി
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ജി.എൻ. സായിബാബയെ ബോംബെ ഹൈക്കോടതിയെ കുറ്റവിമുക്തനാക്കി. സായിബാബ അടക്കം ആറ് പ്രതികളെയും കോടതി വിമുക്തരാക്കി. ഒപ്പം നിന്നവർക്ക് നന്ദിയെന്നും ഇനിയും തടസങ്ങളുമായി സർക്കാർ ബുദ്ധിമുട്ടിക്കില്ലെന്നാണ് പ്രതീക്ഷയെന്നും സായിബാബയുടെ കുടുംബം പറഞ്ഞു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ജിഎൻ സായി ബാബ അടക്കമുള്ളവരെ 2017ലാണ് ഗച്ച് റോളിയിലെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ 2022 ഒക്ടോബറിൽ അദ്ദേഹത്തെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. അനുമതി കിട്ടാതെ വിചാരണ തുടങ്ങിയതടക്കം കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജിഎൻ സായിബാബ നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
എന്നാൽ ഉത്തരവ് വന്ന അതേ ദിവസം തന്നെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും വിധി നടപ്പാക്കുന്നത് തടയുകയും ചെയ്തു. പിന്നീട് ഇരുവിഭാഗങ്ങളെയും കേട്ട ശേഷം വിശദമായ വിചാരണ നടത്താൻ ബോംബെ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസിൻറെ മെറിറ്റിലേക്ക് കടക്കാതെയാണ് ബോംബെ ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടതെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പരമോന്നത കോടതി നിർദ്ദേശപ്രകാരം വിശദ വിചാരണ നടത്തിയ ശേഷമാണ് ഇന്ന് വീണ്ടും പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.ബോംബെ ഹൈക്കോടതിയുടെ നാഗ്പാൂർ ബെഞ്ചാണ് വിധി പറഞ്ഞത്. ആകെയുള്ള 6 പ്രതികളിലൊരാൾ ജയിലിൽ വച്ച് തന്നെ മരിച്ചിരുന്നു.
2022 ലേത് പോലെ വിധിക്കെതിരെ ആരും അപ്പീൽ പോവില്ലെന്നാണ് പ്രതീക്ഷയെന്ന് ജിഎൻ സായിബാബയുടെ കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. ഒപ്പം നിന്ന മനുഷ്യാവകാശ പ്രവർത്തകർക്ക് നന്ദിയെന്നും ഭാര്യ വസന്ത പ്രതികരിച്ചു. വീൽ ചെയർ സഹായത്തിൽ കഴിയുന്ന ജിഎൻ സായിബാബ നിലവിൽ നാഗ്പൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്.