National

2000 രൂപ നൽകാം രാഷ്ട്ര നിർമാണത്തിന് ‘; ബിജെപിക്കായി സംഭാവന തേടി നരേന്ദ്രമോദി

Spread the love

വികസിത്‌ ഭാരത് കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ ഫണ്ടിലേക്ക് 2,000 രൂപ സംഭാവന ചെയ്തു, രാഷ്ട്രനിർമ്മാണത്തിൽ പാർട്ടിക്കായി സംഭാവന ചെയ്യാനും സഹായിക്കാനും അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.രണ്ടായിരം രൂപ സംഭാവന നൽകിയ രസിത് ഉൾപ്പടെ എക്‌സിൽ പോസ്റ്റ് ചെയ്താണ് അഭ്യർഥന നടത്തിയത്.

‘വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന് ശക്തിപകരാൻ ബിജെപിക്ക് സംഭാവന നൽകിയതിൽ എനിക്കേറെ സന്തോഷം. നമോ ആപ്പ് വഴി ദേശനിർമിതിക്കായി സംഭാവന നൽകാൻ ഞാൻ എല്ലാവരോടും ആവശ്യപ്പെടുന്നു’ രസീതിനൊപ്പം മോദി എക്‌സിൽ കുറിച്ചു.

ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഫണ്ട് പിരിവ്. ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ മാസം സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ പൊതുജനങ്ങളിൽ നിന്ന് ബിജെപി ഫണ്ട് തേടുന്നത്. ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ പണം ലഭിച്ച രാഷ്ട്രീയപ്പാർട്ടി ഭരണകക്ഷിയായ ബിജെപിയായിരുന്നു.

2017 മുതൽ 2023 വരെ 6566.12 കോടി രൂപയാണ് ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചത്. 195 സ്ഥാനാർത്ഥികളുമായി ബിജെപിയുടെ ആദ്യ പട്ടിക ഇന്നലെ പുറത്തുവന്നിരുന്നു. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ 28 പേർ സ്ത്രീകളും 47 പേർ യുവാക്കളുമാണ്. പട്ടികയിലെ 51 പേർ ഉത്തർപ്രദേശിൽ നിന്നും 20 പേർ പശ്ചിമ ബംഗാളിൽ നിന്നും ഉള്ളവരാണ്. മധ്യപ്രദേശിലെ 24 സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്.

ശേഷിക്കുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ നിർണായക യോഗങ്ങളും ബി.ജെ.പിയിൽ ആരംഭിച്ചു. 34 കേന്ദ്രമന്ത്രിമാരെ മത്സര രംഗത്ത് ഇറക്കുന്ന ബി.ജെ.പി, മീനാക്ഷി ലേഖി ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ചും എൻ.ഡി.എക്ക് ഉള്ളിൽ ചർച്ചകൾ തുടരുകയാണ്. ഈ മാസം 10ന് ഉള്ളിൽ 50% സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് ബി.ജെ.പി ശ്രമം.