കേന്ദ്രത്തിൽ നിന്ന് 4,000 കോടി; സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ല; ഓവർ ഡ്രൈഫ്റ്റിൽ നിന്ന് കരകയറി ട്രഷറി
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു. ശമ്പളവും പെൻഷനും മുടങ്ങില്ല. കേന്ദ്രത്തിൽ നിന്ന് ഫണ്ട് എത്തിയതോടെ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ നിന്ന് മാറി. 2,736 കോടി നികുതിവിഹിതമെത്തി. കൂടാതെ ഐജിഎസ്ടി വിഹിതവും ലഭിച്ചു.
അതേസമയം പണലഭ്യത ഉറപ്പാക്കാൻ ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. ഇന്നു മുതൽ ഈ വർധനവ് പ്രാബല്യത്തിൽ വരും. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.
കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരുന്നു. കേന്ദ്രത്തിന്റെ വായ്പാ പരിധി നിയന്ത്രണത്തിനെതിരെ കേരളം നൽകിയ കേസ് പരിഗണിച്ച സുപ്രീംകോടതി വിഷയം ചർച്ചകളിലൂടെ പരിഹരിച്ചുകൂടെ എന്ന് ചോദിച്ചിരുന്നു. തുടർന്ന് കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തി വരികയായിരുന്നു