കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു; സിപിഐഎമ്മിനും കോൺഗ്രസിനും പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പികെ കൃഷ്ണദാസ്
കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോൺഗ്രസും ദുർബലമാകുന്നു. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു.
എൻഡിഎ സംസ്ഥാന നേതൃ യോഗം ചേർന്നു. എല്ലാ പാർട്ടികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. വിവിധ ഘടകകക്ഷികൾ സീറ്റ് ആവശ്യം മുന്നോട്ടുവച്ചു. അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതിന് ശേഷം സീറ്റ് വിഭജനം പൂർത്തിയാക്കും. എൻഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 400ലധികം സീറ്റ് നേടി എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികരത്തിലേറും.
എൽഡിഎഫും യുഡിഎഫും അശ്ലീല മുന്നണികളായി അധപതിച്ചു. മുസ്ലീം ലീഗിൻ്റെ സ്ഥാനാർത്ഥി നിർണയം നടന്നത് എകെജി സെൻ്ററിൽ. ലീഗ് പൊന്നാനിയിലേയും മലപ്പുറത്തേയും സ്ഥാനാർത്ഥികളെ വെച്ച് മാറിയത് അതിനാലാണ്. വർഗീയ വാദികൾക്ക് മുന്നിൽ സിപിഐഎം അടിയറവ് പറഞ്ഞു. ലീഗും സിപിഐഎമ്മും തമ്മിലുള്ള അന്തർധാര മറനീക്കി പുറത്തുവന്നു. ലീഗ് സിപിഐഎമ്മിന് അനുകൂലമായി വോട്ട് ചെയ്യും.
Read Also: മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല; അടുത്ത രാജ്യസഭാ സീറ്റ് നൽകുമെന്ന് വി.ഡി സതീശൻ
മതപ്രീണനമാണ് എൽഡിഎഫിൻ്റെ നയം. യുഡിഎഫ് തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്നു. എൽഡിഎഫിനെ സഹായിക്കുന്ന ലീഗിനെ യുഡിഎഫ് നിലനിർത്തുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചുമാറുകയാണ് ഉണ്ടായത്.
തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുക.
പൊന്നാനിയിൽ ഹാട്രിക് വിജയം നേടിയ ശേഷം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കന്നിയങ്കത്തിന് ഇറങ്ങുകയാണ് ഇ.ടി.മുഹമ്മദ് ബഷീർ. നാല് തവണ നിയമസഭാ അംഗമായിരുന്നു. മലപ്പുറം വാഴക്കാട് സ്വദേശിയായ ഇ.ടി.മുഹമ്മദ് ബഷീർ 2009 മുതൽ ലോക്‌സഭയിൽ പൊന്നാനിയെ പ്രതിനിധീകരിക്കുന്നുണ്ട്.
അബ്ദുസമദ് സമദാനി മലപ്പുറത്തെ സിറ്റിങ് എംപിയാണ്. മലപ്പുറം കോട്ടക്കൽ സ്വദേശിയായ സമദാനി പൊന്നാനിയിൽ കന്നിയങ്കത്തിനാണിറങ്ങുന്നത്. പതിനേഴാം ലോക്‌സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടർന്ന് 2021-ൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് സമദാനി എംപിയായത്.2011 മുതൽ 2016 വരെ നിയമസഭയിലും 1994 മുതൽ 2006 വരെ രാജ്യസഭയിലും അംഗമായിരുന്നു സമദാനി.