Kerala

ഗവർണർക്ക് രാജിക്കത്ത് നൽകി ഓപ്പൺ സർവകലാശാലാ വിസി മുബാറക് പാഷ

Spread the love

ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ മുബാറക് പാഷ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകി. വിസിയെ പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിസി രാജിക്കത്ത് കൈമാറിയത്. ഇന്ന് നടന്ന ഹിയറിങ്ങിന് മുന്നോടിയായാണ് രാജിക്കത്ത് നൽകിയത്.

രാജിക്കത്തിൽ ഗവർണർ തീരുമാനം എടുത്തില്ല. പുറത്താക്കൽ നടപടിയുടെ ഭാഗമായാണ് നാല് വി സിമാരിൽ നിന്നും ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തിയത്. കാലിക്കറ്റ്, സംസ്‌കൃതം, ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വിസിമാരോട് രാജ് ഭവനിൽ നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. ഡിജിറ്റൽ സർവകലാശാല വിസി നേരിട്ട് ഹാജരായി. കാലിക്കറ്റ് വിസിക്ക് വേണ്ടി അഭിഭാഷകനാണ് എത്തിയത്. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനായാണ് ഹിയറിങ്ങിൽ പങ്കെടുത്തത്.

ഹിയറിങ്ങിൽ യുജിസി ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. മൂന്നു വിസിമാർക്കും യുജിസി റെഗുലേഷൻ പ്രകാരമുളള യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധി ചൂണ്ടിക്കാട്ടി. വിസിമാരുടെ നിയമം തുടരണോ എന്നതിൽ ഗവർണ്ണറുടെ നിലപാട് നിർണ്ണായകമാണ്. ഓപ്പൺ സർവകലാശാല വിസിയുടെ രാജിയിൽ തീരുമാനം പിന്നീട്.