‘ഇസ്രയേൽ ആയുധങ്ങൾ ഉപയോഗിച്ച് കർഷകരെ കൂട്ടക്കൊല ചെയ്യാൻ ശ്രമം; ജനകീയ പ്രതിഷേധം ഉയരണം’; എളമരം കരിം
കർഷക സമരത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എളമരം കരീം എംപി. മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്ക് എതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നടത്തുന്നത് പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യാനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീൻ ജനതയെ കൊന്നുകൂട്ടുന്ന നെതന്യാഹുവിന്റെ ഇന്ത്യൻ പ്രതിരൂപമാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ആയുധങ്ങൾ ഉപയോഗിച്ച് കർഷകരെ കൂട്ടക്കൊല ചെയ്യാനുള്ള ശ്രമമാണെന്ന് എളമരം കരീം ആരോപിച്ചു. പഞ്ചാബ് അതിർത്തിയിൽ ഹരിയാന പോലീസിന്റെ നടപടിയിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചിരുന്നു. ബട്ടിൻഡ സ്വദേശി ദർശൻ സിംഗ് ആണ് മരിച്ചത്.
ഖനൗരി അതിർത്തിയിൽ മൂന്നും ശംഭു അതിർത്തിയിൽ രണ്ടും വീതം കർഷകരാണ് ഇതുവരെ മരിച്ചത്. സമരം ചെയ്യുന്ന കർഷക നേതാക്കൾക്ക് എതിരെ ദേശ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനുള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാന പോലീസ് പിൻവലിച്ചിരുന്നു.