Friday, January 3, 2025
Kerala

തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തു

Spread the love

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ 9 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻറെ മാതാവിനെയും ക്ഷേത്രം ഭാരവാഹികളെയും പ്രതിയാക്കി കേസെടുത്ത് പൊലീസ്. ഉത്സവ കമ്മറ്റി ഭാരവാഹികളായ സുധാകരൻ നായർ പത്മനാഭൻ നായർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

9 മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റതിനാണ് അമ്മയ്ക്കും ക്ഷേത്രഭാരവാഹികൾക്കുമെതിരെ കേസെടുത്തത്. തൂക്കവില്ലിലെ തൂക്കകാരൻ സിനുവിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്ഐആർ ഇട്ടിരുന്നത്. പിന്നാലെ ബാലാവകാശ കമ്മീഷന്‍റെ ഇടപെടൽ ശക്തമായതോടെയാണ് അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതിചേർത്തത്.

ജുവൈനൽ ജസ്റ്റിസ് വകുപ്പ് കൂടി പൊലീസ് മൂവർക്കുമെതിരെ ചേർത്തിട്ടുണ്ട്. സംഭവത്തിൽ പരാതി ഇല്ലെന്ന് രക്ഷിതാക്കൾ നിലപാട് എടുത്തതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഏഴംകുളം ക്ഷേത്രത്തിലെ തൂക്കവഴിപാടിനിടെ കുഞ്ഞിന് താഴെവീണ് പരുക്കേൽക്കുന്നത്. തൂക്കക്കാരന്‍റെ കയ്യിൽ നിന്ന് താഴേക്ക് വീണ കുഞ്ഞിൻ്റെ വലുത് കൈയ്ക്ക് പൊട്ടലും നെറ്റിക്ക് മുറിവുമുണ്ടായിരുന്നു.