World

അന്റാര്‍ട്ടിക്കയുടെ ദക്ഷിണധ്രുവത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ഇറാന്‍; സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായും തയാറെടുപ്പ്

Spread the love

അന്റാര്‍ട്ടിക്കയുടെ ദക്ഷിണധ്രുവത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ഇറാനിയന്‍ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഷഹ്‌റാം ഇറാനി. തങ്ങളുടെ അവകാശമുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില ശാസ്ത്രീയ പഠനങ്ങളും സൈനിക പ്രവര്‍ത്തനങ്ങളും അന്റാര്‍ട്ടികയില്‍ നടത്തുമെന്നും ഇറാനിയന്‍ നാവികസേന വ്യക്തമാക്കി. സൈനിക, ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രദേശത്ത് ഇറാന്റെ പതാക നാട്ടാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്നും ഷഹ്‌റാം ഇറാനി പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്റാര്‍ട്ടിക്കയില്‍ അവകാശം സ്ഥാപിക്കുന്നത് ഇറാനിലെ ശാസ്ത്രീയ സമൂഹത്തിന് പ്രയോജനം ചെയ്യുമെന്നാണ് ഇറാന്‍ നാവികസേനയുടെ വിലയിരുത്തല്‍. അന്റാര്‍ട്ടിക്കയില്‍ സംയുക്ത നീക്കം നടത്താന്‍ തങ്ങളുടെ ശാസ്ത്രജ്ഞര്‍ തയാറെടുക്കുകയാണെന്നും ഷഹ്‌റാം ഇറാനി പറഞ്ഞു. അര്‍ജന്റീന, ഓസ്ട്രേലിയ, ചിലി, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, നോര്‍വേ, യുകെ എന്നീ രാജ്യങ്ങള്‍ മുന്‍പ് തന്നെ അന്റാര്‍ട്ടിക്കയ്ക്ക് മേല്‍ അവകാശവാദമുന്നയിച്ചിരുന്നു. ഇസ്രയേല്‍-ഹമാസ് ആക്രമണത്തിനിടെ ഹൂത്തികള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതോടെ മിഡില്‍ ഈസ്റ്റിലാകെ അനിശ്ചിതാവസ്ഥ പടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അന്റാര്‍ട്ടിക്കയ്ക്ക് മേല്‍ ഇറാന്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

മറ്റ് രാജ്യങ്ങള്‍ അന്റാര്‍ട്ടിക്കയില്‍ സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നതും ആയുധങ്ങള്‍ പരീക്ഷിക്കുന്നതും റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സംസ്‌കാരിക്കുന്നതും 1959ലെ ആന്റാര്‍ട്ടിക് ഉടമ്പടി വിലക്കിയിട്ടുണ്ട്. ഇത് നിലവിലിരിക്കെ തന്നെയാണ് ദക്ഷിണ ധ്രുവത്തില്‍ നേവല്‍ ബേസ് സ്ഥാപിക്കുമെന്ന ഇറാന്റെ പ്രഖ്യാപനം. തുറന്ന സമുദ്രത്തില്‍ സൈനിക നീക്കങ്ങള്‍ നടത്താന്‍ ശേഷിയുള്ള വന്‍ ശക്തിയായി തങ്ങളുടെ നാവികസേനയെ മാറ്റാനുള്ള അന്റാര്‍ട്ടിക്കയുടെ അഭിലാഷങ്ങളാണ് ഈ പ്രസ്താവനയോടെ വ്യക്തമാകുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിന് സമീപമുള്ള അമേരിക്കയുടെ നാവിക വിന്യാസത്തിനുള്ള ഇറാന്റെ മറുപടിയായി ഇതിനെ കാണാമെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്.

അമേരിക്ക സാമ്പത്തിക ഉപരോധത്തില്‍ ഇളവ് വരുത്തിയതോടെ ഖത്തറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന 6 ബില്യണ്‍ ഡോളര്‍ ഇറാനിയന്‍ ഫണ്ട് അന്റാര്‍ട്ടിക്കയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇറാന്‍ ഉപയോഗിക്കുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ അനുവദിച്ചത് ഈ തുക മാനവിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന ധാരണയ്ക്ക് പുറത്താണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഈ തുക ഒരിക്കലും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇറാന് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.