National

‘റിപ്പോർട്ട് അടിസ്ഥാനരഹിതം’; നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന റിപ്പോർട്ട് തള്ളി ഷാരൂഖ് ഖാൻ

Spread the love

ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിൽ ഇടപെട്ടുവെന്ന വാർത്തകൾ തള്ളി
നടൻ ഷാരൂഖ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ഷാരൂഖ് ഖാന്റെ സഹായം തേടിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സോഷ്യൽമീഡിയയായ എക്‌സിൽ കുറിച്ചിരുന്നു. പ്രധാനമന്ത്രിയുടെ എക്‌സിലെ പോസ്റ്റിന് താഴെയാണ് സുബ്രഹ്മണ്യൻ സാമി കമന്റ് ചെയ്തത്. ഈ സംഭവത്തിലാണ് ഷാരൂഖ് ഖാന്റെ ടീം ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.
‘ഖത്തറിൽ തടവിലായിരുന്ന ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ വിട്ടയച്ച സംഭവത്തിൽ ഷാരൂഖ് ഖാന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. ഇക്കാര്യം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും നിഷേധിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മാനേജർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘മുൻ ഇന്ത്യൻ നാവികർ സുരക്ഷിതരായ തിരികെ എത്തിയതിൽ ഏതൊരു ഇന്ത്യക്കാരനെയും പോലെ ഷാരൂഖ് ഖാനും സന്തോഷമുണ്ട്..അവർക്ക് എല്ലാ ആശംസകളും നേരുന്നു… ഷാരൂഖിന്റെ മാനേജർ പൂജ ദാദൽനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ചാരവൃത്തി കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയുൾപ്പെടെ എട്ട് പേരെയാണ് ഖത്തർ മോചിപ്പിച്ചത്. ഇവർക്ക് നേരത്തെ ശിക്ഷയിൽ ഇളവ് നൽകിയിരുന്നു. ക്യാപ്റ്റൻ നവ്‌തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നുകരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്.

ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്‌റയിൽ ജോലിചെയ്യവേ 2022 ആഗസ്തിലാണ് ഇവർ അറസ്റ്റിലായത്.2023 മാർച്ചിൽ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബർ 26-നായിരുന്നു ഇവർക്ക് വധശിക്ഷ വിധിച്ചത്.