Kerala

ഇന്നലെ വെടിക്കെട്ട് നടത്തിയതും അനുമതിയില്ലാതെ, കേസെടുത്തിരുന്നു; അമ്പലക്കമ്മറ്റിക്കെതിരെ പൊലീസ്

Spread the love

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ സ്ഫോടനത്തിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്. പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നൽകിയിരുന്നില്ലെന്നും അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദേശം നൽകിയിരുന്നു. വെടിക്കെട്ടിന് അനുമതിയും നൽകിയിരുന്നില്ല. പുതിയകാവ് ക്ഷേത്രത്തിൽ ഇന്നലെ തെക്കുംപുറം വിഭാഗം സ്ഫോടകവസ്തുക്കൾ പൊട്ടിച്ചതും അതുമതി ഇല്ലാതെയായിരുന്നു. തെക്കുംപുറം എൻ എസ് എസ് കരയോഗം ഭാരവാഹികൾക്കെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിൻ്റെ വെടിക്കെട്ടായിരുന്നു നടത്താനിരുന്നത്. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്.

പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്കേറ്റു. 45 ലേറെ വീടുകളും നിരവധി വാഹനങ്ങളും നശിച്ചു.

ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ സ്ഫോടകാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകർന്നു. ആദ്യഘട്ടത്തിൽ 25 വീടുകൾക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ 45 ഓളം കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. അനുമതിയില്ലാതെയാണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സ്പോടക വസ്തുക്കൾ സൂക്ഷിക്കാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർഫോഴ്സും സ്ഥിരീകരിച്ചു.