രണ്ടാം ഇന്നിംഗ്സിൽ ബംഗാൾ 339നു പുറത്ത്; ജലജ് സക്സേനയുടെ മികവിൽ കേരളത്തിന് ആദ്യ ജയം
രഞ്ജി ട്രോഫി സീസണിൽ കേരളത്തിന് ആദ്യ ജയം. ഗ്രൂപ്പ് ബിയിൽ ബംഗാളിനെ 109 റൺസിനു വീഴ്ത്തിയാണ് കേരളം ആദ്യ ജയം കുറിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനെ 109 റൺസിനു തകർത്ത കേരളം 14 പോയിൻ്റുമായി പട്ടികയിൽ നാലാമതാണ്. ഇതുവരെ ഒരു ജയവും ഒരു പരാജയവും നാല് സമനിലയുമാണ് കേരളത്തിനുള്ളത്.
ആദ്യ ഇന്നിംഗ്സിൽ കേരളം 363 റൺസ് നേടി പുറത്തായി. 124 റൺസ് നേടി സച്ചിൻ ബേബി ടോപ്പ് സ്കോററായപ്പോൾ അക്ഷയ് ചന്ദ്രൻ 106 റൺസ് നേടി. ജലജ് സക്സേന 40 റൺസ് നേടി പുറത്തായി. ഒന്നാം ഇന്നിംഗ്സിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാൾ ജലജ് സക്സേനയുടെ 9 വിക്കറ്റ് പ്രകടനത്തിൽ തകർന്നടിയുകയായിരുന്നു. 180 റൺസെടുക്കുന്നതിനിടെ അവർ ഓൾ ഔട്ടായി. അഭിമന്യു ഈശ്വരൻ (72), കരൺ ലാൽ (35), സുദീപ് കുമാർ ഘരാമി (33) എന്നിവരാണ് ബംഗാളിനായി തിളങ്ങിയത്. ബംഗാളിൻ്റെ ബാക്കിയുള്ള ഒരു വിക്കറ്റ് നിഥീഷ് എംഡി വീഴ്ത്തി.
ഫോളോ ഓൺ വഴങ്ങിയ ബംഗാളിനെ ബാറ്റിംഗിനയക്കാതെ കേരളം വീണ്ടും ബാറ്റ് ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ രോഹൻ കുന്നുമ്മൽ (51), സച്ചിൻ ബേബി (51), ശ്രേയാസ് ഗോപാൽ (50) എന്നിവരുടെ മികവിൽ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടി ഡിക്ലയർ ചെയ്തു. 448 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗാൾ 339 റൺസിനു പുറത്തായി. ഷഹബാസ് അഹ്മദ് (80), അഭിമന്യു ഈശ്വരൻ (65), കരൺ ലാൽ (40) എന്നിവർ രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനായി തിളങ്ങി. കേരളത്തിനായി വീണ്ടും ജലജ് സക്സേന 4 വിക്കറ്റുമായി തിളങ്ങി.
രഞ്ജിയൽ കേരളത്തിൻ്റെ അവസാന ഗ്രൂപ്പ് മത്സരം ഈ മാസം 16ന് ആന്ധ്രാപ്രദേശിനെതിരെ നടക്കും.