Uncategorized

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി അതിരൂപത

Spread the love

വയനാട് പടമലയിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി അതിരൂപത. 10 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്.

കാട് നശിപ്പിച്ചത് നാട്ടുകാരല്ല, മാറിമാറി വന്ന സർക്കാരുകളാണ് എന്ന് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നോടം പറഞ്ഞു. വനത്തിനെ ഓഡിറ്റിന് വിധേയമാക്കണം. അജിയുടെ മരണം അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. വന്യമൃഗങ്ങൾ പതിവായി ഇറങ്ങുന്ന സാഹചര്യമാണുള്ളത്. തണ്ണീർക്കൊമ്പൻ മാനന്തവാടി ടൗണിൽ പതിവായി എത്തുന്ന സാഹചര്യമുണ്ട്. അജിയുടെ മരണം അധികാരികളുടെ കണ്ണ് തുറപ്പിക്കണം. വനത്തിനെ ഓഡിറ്റിന് വിധേയമാക്കണം. മാറി മാറി വന്ന സർക്കാർ വയനാട്ടിലെ കാടുകൾ വെട്ടി വെളുപ്പിച്ച് തേക്കും യൂക്കാലിയും നട്ട് പിടിപ്പിച്ചു. കാട് നശിപ്പിച്ചതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങി. കാട് നശിപ്പിച്ചത് നാട്ടുകാരല്ല, മാറിമാറി വന്ന സർക്കാരുകളാണ്. വനത്തിനെ ഓഡിറ്റ് ചെയ്യാനോ പഠിക്കാനോ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. നാടിനെയും വനത്തിനേയും വേർതിരിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കണം. പിടികൂടുന്ന ആനകളെ കർണാടക വനത്തിൽ വിട്ടാലും അവ തിരികെ ഇവിടേക്കെത്തും. വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ എണ്ണം വർധിക്കുമ്പോൾ അവ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്. ആനയെ കൃത്യമായി കണ്ടെത്തി പിടികൂടാനുള്ള സംവിധാനം വനം വകുപ്പിന് ഇല്ല. നഷ്ടപരിഹാരം ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഉണ്ടാക്കണം. അപകടമുണ്ടായിട്ട് ഇടപെടുന്ന സർക്കാരിനെ അല്ല, അപകടമുണ്ടാകാതെ നോക്കുന്ന സർക്കാരിനെയാണ് തങ്ങൾക്കിഷ്ടം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മിഷൻ ബേലൂർ മഖ്‌ന ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. മണ്ണുണ്ടിയിൽ നിന്ന് ദൗത്യസംഘം മടങ്ങി. ഇതിനിടെ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. ആനയെ കർണാടക അതിർത്തി കടത്തിവിടാൻ ശ്രമമെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. അതേസമയം, ദൗത്യം നാളെ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

അതിനിടെ, ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.