‘ഞങ്ങൾ ക്ഷേത്രത്തിൽ കയറുന്നില്ല, പിന്നെ എന്തിന് നമ്മുടെ പള്ളിയിൽ വരുന്നു?’; ഹിന്ദുക്കൾ ഗ്യാൻവാപിയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് തൃണമൂൽ നേതാവ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നറിയിപ്പുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് സിദ്ദിഖുള്ള ചൗധരി. ബംഗാളിൽ കാലുകുത്താൻ യോഗിയെ അനുവദിക്കില്ല. ഹൈന്ദവ വിശ്വാസികൾ ഗ്യാൻവാപി പള്ളി ഉടൻ ഒഴിയണം. മസ്ജിദുകളെ ക്ഷേത്രമാക്കി മാറ്റാനുള്ള ശ്രമത്തെ നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാൻവാപി മസ്ജിദിലെ പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്തയിൽ നടന്ന ജാമിയത്ത് ഉലമ ഇ ഹിന്ദ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത്തരമൊരു നീക്കം അനുവദിക്കാൻ മുഖ്യമന്ത്രിക്ക് ബോധമില്ലേ? ബംഗാളിൽ വന്ന് സമാധാനമായി ഇരിക്കാൻ യോഗ്യക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ? സംസ്ഥാനത്ത് കാലുകുത്താൻ അനുവദിക്കില്ല’- അദ്ദേഹം പറഞ്ഞു.
“ഗ്യാൻവാപി പള്ളിയിൽ ബലമായി കയറി പൂജ നടത്തുന്ന ഹിന്ദു വിശ്വാസികൾ ഉടൻ ഒഴിയണം. ഞങ്ങൾ ഒരു ക്ഷേത്രത്തിലും കയറി പ്രാർത്ഥിക്കാറില്ല. പിന്നെ എന്തിനാണ് നമ്മുടെ പള്ളികളിൽ വരുന്നത്? മസ്ജിദുകൾ ക്ഷേത്രമാക്കി മാറ്റാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അത് കണ്ട് മിണ്ടാതിരിക്കില്ല. അത് നടക്കില്ല. ഗ്യാൻവാപി മസ്ജിദ് 800 വർഷത്തിലേറെയായി അവിടെയുണ്ട്. അതിനെ എങ്ങനെ തകർക്കാൻ കഴിയും?”- സിദ്ദിഖുള്ള ചൗധരി ചോദിച്ചു.
മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ വാരാണസി ജില്ല കോടതി അടുത്തിടെ അനുമതി നൽകിയിരുന്നു. സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകുന്നതായിരുന്നു വിധി. ജനുവരി 31ലെ ഉത്തരവിനെതിരെയുള്ള ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഫെബ്രുവരി 15ന് പരിഗണിക്കും.