മലപ്പുറത്ത് നവകേരള സദസ്സിന് നേതൃത്വം നൽകിയ ഭൂരിഭാഗം സംഘാടകരും കടത്തിൽ
മലപ്പുറം ജില്ലയിൽ നവകേരള സദസ്സിന് നേതൃത്വം നൽകിയ ഭൂരിഭാഗം സംഘാടകരും കടത്തിൽ. ആറ് മണ്ഡലങ്ങളിൽ നവകേരള സദസ്സിനായി ചെലവായത് 1.24 കോടി രൂപയാണ്. പരിപാടിയുടെ നടത്തിപ്പിനായി കിട്ടിയതാകട്ടെ 98 ലക്ഷം രൂപ മാത്രം. ജില്ലയിലെ മറ്റ് 10 മണ്ഡലങ്ങളിലെ കണക്കുകൾ ലഭ്യമല്ലെന്നാണ് വിവരാവകാശ രേഖ.
നവകേരള സദസ്സുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും ഇതുവരെ പുറത്തുവന്നിട്ടില്ല. ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ സംഘടക സമിതികൾ കടത്തിലാണ്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ തിരൂരങ്ങാടി മലപ്പുറം മങ്കട തവനൂർ വണ്ടൂർ നിയമസഭാ മണ്ഡലങ്ങളിൽ സദസ്സിനായി ആകെ ചെലവായത് ഒരുകോടി 24 ലക്ഷം രൂപ. വരവ് 98 ലക്ഷം രൂപ. മലപ്പുറം മണ്ഡലത്തിൽ മാത്രം ചെലവ് കഴിഞ്ഞ് 6,90,512 രൂപ ബാക്കിയുണ്ട്.
ഈ തുക സംഘാടകസമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ്. പത്തു മണ്ഡലങ്ങളിലെ കണക്കുകൾ ലഭ്യമായിട്ടില്ല. 5 ലക്ഷം രൂപക്ക് മുകളിലാണ് തിരൂരങ്ങാടിയിലും മങ്കടയിലും സംഘാടകസമിതിയുടെ കടം. വണ്ടൂരാണ് ഏറ്റവും കുറവ് കടം, 195 രൂപ. കോട്ടക്കൽ മണ്ഡലത്തിൽ ചെലവായ തുകയ്ക്ക് കണക്കുണ്ട്. എന്നാൽ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ലഭ്യമല്ല.
നവ കേരള സദസ്സിൽ ആകെ ചെലവായ തുകയുടെ 40% വും പന്തലുമായി ബന്ധപ്പെട്ട പ്രവർത്തികൾക്കാണ്. 3.5 ലക്ഷം രൂപ വരെ ഭക്ഷണത്തിന് ചെലവായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വിഹിതവും സ്ഥാപനങ്ങളും വ്യക്തികളും ഒക്കെ നൽകിയ സംഭാവനങ്ങളുമാണ് നവകേരള സദസ്സിൻ്റെ പ്രധാന വരവ്. എന്നാൽ ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പണം നൽകിയിട്ടില്ല.