Kerala

മന്ത്രിമാരുടെ വീടുമാറ്റം; ‘നിള’യിലേക്ക് കടന്നപ്പള്ളി, ‘സ്വന്തം വീട് മതി’യെന്ന് ​ഗണേഷ്കുമാർ; ഉത്തരവുകൾ ഉടൻ

Spread the love

തിരുവനന്തപുരം: അസൗകര്യം പറഞ്ഞ് ഔദ്യോഗിക വസതി ഒഴിഞ്ഞ മന്ത്രി വീണ ജോർജിന് തൈക്കാട് ഹൗസ് കിട്ടിയേക്കും. കന്റോൺമെന്റ് പരിസരത്ത് വീണ താമസിച്ചിരുന്ന, നിളയിലെ പുതിയ താമസക്കാരനാകാൻ ഒരുങ്ങുകയാണ് കടന്നപ്പള്ളി. മൻമോഹൻ ബംഗ്ലാവിലേക്ക് പുതിയ താമസക്കാരനായി മന്ത്രി സജി ചെറിയാനും എത്തും.

സര്‍ക്കാരും ഗവര്‍ണറും കടുത്ത പോര് തുടരുന്നതിനിടെയാണ് രാജ്ഭവന്റെ അയൽക്കാരനായി മന്ത്രി സജി ചെറിയാന്‍റെ വരവ്. വിവാദങ്ങളിൽ പെട്ട് രാജി വച്ച് രണ്ടാമതും മന്ത്രിസഭയിലേക്ക് എത്തി നാളേറെ ആയെങ്കിലും ഔദ്യോഗിക വസതി അനുവദിച്ച് കിട്ടിയിരുന്നില്ല. വാടക വീട്ടിലെ താമസം മതിയാക്കിയാണ് മന്ത്രി മൻമോഹൻ ബംഗ്ലാവിലേക്ക് എത്തുന്നത്. ആന്റണി രാജു രാജി വച്ചൊഴിഞ്ഞ ശേഷം ചില്ലറ അറ്റകുറ്റ പണികൾ പൂര്‍ത്തിയാക്കി ഔദ്യോഗിക വസതി കൈമാറും.

പ്രതിപക്ഷ നേതാവിന്‍റെ കണ്ടോൺമെന്റ് ഹൗസിന്‍റെ പടിക്കൽ തന്നെയായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്‍റെ നിള. അസൗകര്യം പറഞ്ഞ് മന്ത്രി അവിടെ നിന്ന് മാറിയിട്ട് ആഴ്ചകളായി. വീടുമാറി കഴിയുന്ന വീണ ജോര്‍ജ്ജിന് അഹമ്മദ് ദേവര്‍കോവിൽ താമസിച്ചിരുന്ന തൈക്കാട് ഹൗസ് അനുവദിച്ചേക്കും.

മന്ത്രി ഇറങ്ങിപ്പോയി അനാഥമായ നിളയുടെ നറുക്ക് കടന്നപ്പള്ളി രാമചന്ദ്രനാണ്. മന്ത്രിമാര്‍ക്കെല്ലാം കൊടുക്കാൻ സര്‍ക്കാരിന്റെ കയ്യിലുള്ള ഔദ്യോഗിക വസതി തികയില്ല. ഒരാളെപ്പോഴും വാടക വീട്ടിലാകും. കുടപ്പനക്കുന്നിലെ സ്വന്തം വീടുമതിയെന്നും സര്‍ക്കാര് വീട് വേണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചതോടെ ആ പ്രശ്നവും ഒഴിവായി. അധികം വൈകാതെ ഉത്തരവുകളെല്ലാം ഇറങ്ങും.