Kerala

ആര്‍. ചന്ദ്രശേഖരൻ ഇടങ്കോലിടുന്നു, ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പറഞ്ഞത് ശരിയായില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഐഎന്‍ടിയുസിക്ക് ഒരു സീറ്റ് നൽകണമെന്നും ഇല്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്നും കോൺഗ്രസ്സിന് മുന്നറിയിപ്പ് നൽകിയ ആര്‍. ചന്ദ്രശേഖരനെതിരെ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്. സീറ്റ് ആവശ്യപ്പെട്ടത് ശരിയായില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ചന്ദ്രശേഖരൻ ഇടങ്കോൽ ഇടുകയാണ്. തൊഴിലാളികൾക്ക് സീറ്റ് വേണമെന്ന് പറയുന്നത് മനസിലാക്കാം. എന്നാൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഒരിക്കലും പറയാൻ പാടില്ലാത്തതാണ്. പാർലമെൻ്റിലേക്ക് ഇനി മൽസരിക്കാനില്ല. കണ്ണൂരിലും വടകരയിലും എങ്ങും മത്സരിക്കില്ല. സിപിഐഎമ്മിന്റെ ഡൽഹി സമരത്തിന്റെ ആവശ്യങ്ങൾ ന്യായമാണ്. അവ അംഗീകരിക്കുന്നു. എന്നാൽസിപിഐഎമ്മുമായി ചേർന്ന് ഒരു സമരത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ സീറ്റിൽ കെസി വേണുഗോപാൽ മൽസരിക്കുന്നില്ലെങ്കിൽ അത് ഐഎന്‍ടിയുസി ക്ക് നൽകണം എന്നാണ് ചന്ദ്രശേഖരൻ ആവശ്യപ്പെട്ടത്. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് സീറ്റ് നൽകുന്നതിലും അദ്ദേഹം വിമർശനമുയർത്തി. കോൺഗ്രസ്സ് തൊഴിലാളികളെ മറന്നു പോകുന്നു എന്നും ഐഎന്‍ടിയുസി പ്രസ്ഥാനത്തെ കൂടെ നിർത്തുന്ന നിലപാട് പാർട്ടിക്ക് ഇല്ലെന്നും ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി. സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതൃത്വത്തിന് ഐഎന്‍ടിയുസി കത്തയചിട്ടുണ്ട്.