National

പ്രതിസന്ധിക്ക് കാരണം ധനവിനിയോഗത്തിലെ പിടിപ്പുകേട്; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം

Spread the love

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിനെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ. പ്രതിസന്ധിക്ക് കാരണം ധനവിനിയോഗത്തിലെ പിടിപ്പുകേടെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. കടമെടുപ്പ് പരിധി ഉയർത്താൻ ആകില്ലെന്നും കേരളത്തിന്റെ ഹർജിയിൽ കേന്ദ്രം സുപ്രിംകോടതിയിൽ സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ വ്യക്തമാക്കി.

കേരളത്തിന്റേത് അതീവ മോശം ധന മാനേജമെന്റ് എന്നാണ് കേന്ദ്രം സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിമർശനം. ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തതിനേക്കാളും തുക കേരളത്തിന് കൈമാറിയിട്ടുണ്ട്. കിഫ്‌ബിക്ക് സ്വന്തമായ വരുമാന സ്രോതസ്സ് ഇല്ലെന്നും കേന്ദ്രം ആരോപിച്ചു. രാജ്യത്ത് ഏറ്റവും അധികം കടമെടുപ്പുള്ള 5 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.

കഴിഞ്ഞതവണ ഹർജിയിൽ വാദം കേൾക്കുമ്പോൾ കേരളത്തിൽ നിലവിൽ അടിയന്തര സാഹചര്യമൊന്നുമില്ലെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ അറിയിച്ചത്. ഇടക്കാല ഉത്തരവ് തേടിയുള്ള ഹർജി പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. തുടർന്നായിരുന്നു ഒരാഴ്ചയ്ക്കകം വിശദമായി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടത്. ഹർജി ഉടൻ പരിഗണിക്കണം എന്ന ആവശ്യം കേരളം ഉന്നയിച്ചതോടെ ഈ മാസം 13ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന ആവശ്യമാണ് ഹർജിയിലൂടെ സംസ്ഥാനം ഉന്നയിക്കുന്നത്.