National

കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം; നീക്കം ബിജെപിയുടെ പരാതിയില്‍

Spread the love

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം. ബിജെപി നേതാക്കൾ 25 കോടി കോഴ നൽകി AAP നേതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപണത്തിലാണ് അന്വേഷണം. ആരോപണത്തില്‍ നോട്ടീസ് നല്‍കാന്‍ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കെജ്‌രിവാളിന്റെ വീട്ടിലെത്തി. എഎപി എംഎല്‍എമാരെ ബിജെപി പ്രലോഭിപ്പിച്ചെന്ന കെജ്‌രിവാളിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം പൊലീസ് കമ്മീഷണറെ കണ്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് ബിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി പാര്‍ട്ടി വിടാന്‍ ഏഴ് എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ഡല്‍ഹി മന്ത്രി അതിഷി കഴിഞ്ഞയാഴ്ചയാണ് ആരോപിച്ചത്. പാര്‍ട്ടി എംഎല്‍എമാരില്‍ ഒരാളുമായി ബന്ധപ്പെട്ടയാളുടെ റെക്കോര്‍ഡിംഗ് ലഭ്യമാണെന്നും അത് പിന്നീട് കാണിക്കുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

തന്റെ പാര്‍ട്ടിയിലെ ഏഴ് എം.എല്‍.എമാരെ ബി.ജെ.പി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കെജ്‌രിവാളും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അവകാശപ്പെട്ടു. ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കിയതിന് ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംഎല്‍എമാര്‍ക്ക് 25 കോടി രൂപയും ബിജെപി ടിക്കറ്റും വാഗ്ദാനം ചെയ്തതായും എഎപി നേതാവ് ആരോപിച്ചു. ഏഴ് എഎപി എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ വിസമ്മതിച്ചതായും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.