National

ദളിത് ഗ്രാമം ആക്രമിച്ച് പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിച്ചു; 23 വർഷത്തിനു ശേഷം കേസിൽ വിധി

Spread the love

ദളിത് ഗ്രാമം ആക്രമിച്ച് പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിച്ച കേസിൽ 23 വർഷങ്ങൾക്കു ശേഷം വിധി. ഉത്തർ പ്രദേശിലെ മഥുരയിൽ 15 പേരെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. പ്രതികൾക്ക് 73000 രൂപ വീതം പിഴയും വിധിച്ചു. 2001 ജനുവരിയിൽ നടന്ന സംഭവത്തിലാണ് 2 പതിറ്റാണ്ടിനു ശേഷം വിധി വന്നത്. മഥുരയിലെ എസ്‌സി, എസ്ടി കോടതിയുടേതാണ് വിധി

2001 ജനുവരി 23നാണ് കേസിന് ആസ്പദമായ സംഭവം. ദതിയ ഗ്രാമത്തിലെ പഞ്ചായത്ത് ഭൂമിയിൽ സവർണ ജാതിക്കാൻ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ദളിതർ തടഞ്ഞതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്ന് ഇരു വിഭാഗവും തമ്മിൽ തർക്കമുണ്ടായി. ഇതോടെ സവർണർ ദളിതരെ മർദ്ദിക്കുകയും വെടിവെക്കുകയും ചെയ്യുകയായിരുന്നു. ദളിത് കുടിലുകൾ തീവച്ച് നശിപ്പിച്ചു. ഇതിനിടെ ഒരു കുടിലിലുണ്ടായിരുന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. ഒരാളുടെ തുടയിൽ വെടിയേൽക്കുകയും ചെയ്തു.

പരാതിക്ക് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 16 പേർക്കെതിരെയാണ് കേസെടുത്ത. അന്വേഷണത്തിനിടെ എട്ട് പേരെക്കൂടി പ്രതിചേർത്തു. വിചാരണക്കിടെ 9 പേർ മരണപ്പെട്ടു. ബാക്കി 15 പേർക്കെതിരെയാണ് കോടതി വിധി.