National

രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഝാർഖണ്ഡിൽ

Spread the love

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഝാർഖണ്ഡിൽ പ്രവേശിക്കും. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോൺഗ്രസ് സഖ്യ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് യാത്ര എത്തുന്നത്. പാകൂർ അതിർത്തി വഴി ജാർഖണ്ടിൽ എത്തുന്ന യാത്ര എട്ട് ദിവസങ്ങൾ കൊണ്ട് 13 ജില്ലകളിലായി 804 കിലോമീറ്റർ സഞ്ചരിക്കും.

യാത്രയുടെ വിജയത്തിൽ വിറളി പൂണ്ടാണ് ഝാർഖണ്ഡിൽ ബിജെപി രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ബംഗാളിലെ മൂർഷിദബാദിൽ ചേർന്ന പൊതുസമ്മേളനത്തിൽ, സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലീം പങ്കെടുത്തു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാകാനാണ് യാത്രയിൽ പങ്കെടുത്തതെന്ന് മുഹമ്മദ് സലീം പ്രതികരിച്ചു. ഝാർഖണ്ടിൽ നിന്നും വീണ്ടും ബിഹാറിൽ പ്രവേശിക്കുന്ന യാത്ര ഫെബ്രുവരി 14 ന് ചന്ധൗളി അതിർത്തി വഴി ഉത്തർപ്രദേശിൽ എത്തും.

Read Also: ഭാരത് ജോഡോ ന്യായ് യാത്ര; തൃണമൂലിനെ കടന്നാക്രമിച്ചതില്‍ മമതയ്ക്ക് കടുത്ത അതൃപ്തി

ഝാർഖണ്ഡിൽ പുതിയ സർക്കാരുണ്ടാക്കാൻ ചംപൈ സോറനെ ഗവർണർ ക്ഷണിച്ചു. ഇന്ന് ചംപൈ സോറന്റെ സത്യപ്രതിജ്ഞ നടക്കും. എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ നീക്കം നടക്കുന്നതിനിടെയാണ് സർക്കാരുണ്ടാക്കാൻ ചംപൈ സോറനെ ഗവർണർ ക്ഷണിച്ചത്.

ബിജെപി അട്ടിമറിനീക്കം നടത്തുന്നതായി ജെഎംഎം ആരോപിച്ചതിന് പിന്നാലെയാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ നീക്കം നടന്നത്. ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ബിജെപി ഭരണ അട്ടിമറി നീക്കങ്ങൾ നടത്തുന്നുവെന്നായിരുന്നു ജെഎംഎം പാർട്ടിയുടെ ആരോപണം. അഭ്യൂഹങ്ങൾ ശക്തമായതോടെ ഭരണകക്ഷി എംഎൽഎമാരെ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റാൻ ശ്രമം തുടങ്ങിയിരുന്നു. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണം നൽകാത്തത് ബിജെപിയുടെ അട്ടിമറി നീക്കത്തിലുള്ള കൂട്ടുനിൽപ്പാണെന്ന് ജെഎംഎം ആരോപിച്ചതിന് പിന്നാലെയായിരുന്നു ഗവർണറുടെ ക്ഷണം.

അതേസമയം, ഖനന അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ റാഞ്ചിയിലെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അഴിമതി കേസിൽ കൂടുതൽ വിവരങ്ങൾ തേടുന്നതിലേക്കായി സോറനെ കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യത്തിൽ കോടതി ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി അനുവദിച്ചു. ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സോറൻ, ഹർജി അടിയന്തരമായി പരിഗണിക്കണം എന്ന് ആവിശ്യപെട്ടു. ഹർജി നാളെ പരിഗണിക്കാം എന്ന് അറിയിച്ചതോടെ ഇതേ വിഷയത്തിൽ ഝാർഖണ്ഡ് ഹൈകോടതിയിൽ ഫയൽ ചെയ്ത ഹർജി സോറൻ പിൻവലിച്ചു.