Kerala

എയർപോ‍ഡ് മോഷണ വിവാദം; എടുത്തുചാടി കേസെടുക്കാനില്ലെന്ന നിലപാടിൽ പൊലീസ്; തീരുമാനം പ്രാഥമിക അന്വേഷണത്തിന് ശേഷം

Spread the love

കോട്ടയം: പാലാ നഗരസഭയിലെ എയർപോഡ് മോഷണ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ പൊലീസ്. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടമാണ് മുപ്പതിനായിരം രൂപ വിലയുള്ള തന്റെ എയർപോഡ് മോഷ്ടിച്ചതെന്ന് കാണിച്ച് മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴി ഇന്നലെയാണ് പാലാ പൊലീസിൽ പരാതി നൽകിയത്.

എന്നാൽ പരാതി വിശദമായി പരിശോധിച്ച ശേഷം കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് പൊലീസ് നിലപാട്. എയർപോഡ് നഷ്ടപ്പെട്ട കഴിഞ്ഞ ഒക്ടോബറിൽ തന്നെ ജോസ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇതിൽ ബിനുവിന്റെ പേര് ഉണ്ടായിരുന്നില്ല. അതേസമയം പരാതി വ്യാജമാണെന്നും മാനനഷ്ടത്തിന് കേസ് നൽകുമെന്നും ബിനു അറിയിച്ചു.

പ്രശ്നത്തിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തേണ്ടെന്നാണ് മാണി ഗ്രൂപ്പിന്റെ തീരുമാനം. പ്രശ്നം സങ്കീർണമാക്കിയതിൽ സിപിഎം നേതൃത്വത്തിനും അതൃപ്തിയുണ്ട്. തൽക്കാലം പ്രശ്നത്തിൽ ഇടപെടാനില്ലെന്ന നിലപാടിലാണ് സിപിഎം പ്രാദേശിക നേതൃത്വം. അതേ സമയം, വിവാദം ശക്തമാകുന്നതിനിടെ പാലായിൽ പുതിയ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ് നാളെയാണ് നടത്തുന്നത്.