Kerala

വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോ​ഗസ്ഥൻ ടി.ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു, വകുപ്പ് തല അന്വേഷണത്തിനും നിർദ്ദേശം

Spread the love

വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ എസ്എച്ച്ഒ ടി.ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. അദ്ദേഹത്തിന് എതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദ്ദേശം നൽകി. അന്വേഷണ ചുമതല എറണാകുളം റൂറൽ ASPക്കാണ്. കട്ടപ്പന പോക്സോ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ ടി.ഡി സുനിൽകുമാറിനെതിരെ പ്രതികൂല പരാമർശം ഉണ്ടായ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോഴത്തെ സസ്പെൻഷൻ. അന്വേഷണ ചുമതലയുള്ള എറണാകുളം റൂറൽ ASP 2 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.

വണ്ടിപ്പെരിയാർ കേസിൽ സംഭവിച്ചത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. കോടതിയുടെ പരാമർശങ്ങൾ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സർക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തിൽ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് എസ്എച്ച്ഒ ടി.ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.

സണ്ണി ജോസഫ് എംഎൽഎയാണ് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് പ്രതിപക്ഷ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയെ സഹായിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. കുറ്റം തെളിയിക്കാനുള്ള എല്ലാ സാധ്യതകളും ആദ്യ ദിവസം മുതൽ അടച്ചു. തെളിവുകൾ നശിപ്പിക്കാൻ പൊലീസ് സഹായിച്ചെന്നും വി ഡി സതീശൻ പറഞ്ഞു.