തൃപ്പുണിത്തുറ തെരഞ്ഞടുപ്പ് കേസ്; കെ ബാബു നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
തൃപ്പുണിത്തുറ തെരഞ്ഞടുപ്പ് കേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മത ചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യർധിച്ചുവെന്ന ഹൈക്കോടതി വിധിക്കെതിരായ കെ ബാബുവിന്റെ അപ്പീൽ ആണ് സുപ്രിം കോടതി പരിഗണിക്കുന്നത്. കേസ് നിലനിൽക്കുമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കെ ബാബുവിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. സ്‌റ്റേ ആവശ്യം നേരത്തെ സുപ്രിം കോടതി തള്ളിയതാണെന്ന് എം സ്വരാജിന് വേണ്ടി ഹാജരായ അഭിഭാഷകൻ പിവി ദിനേശ് സുപ്രിം കോടതിയിൽ ചൂണ്ടിക്കാട്ടി.
മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്ന് ആരോപിച്ച് ബാബുവിനെതിരെ ഫയല്‍ ചെയ്‌ത കേസ് നിലനില്‍ക്കുമെന്നായിരുന്നു നേരത്തെ ഹൈക്കോടതിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ ഉത്തരവിനെതിരെയാണ് ബാബു സുപ്രിം കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഹര്‍ജി പരിഗണിച്ച ജസ്‌റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് സ്വരാജിന് നോട്ടീസ് അയച്ചിരുന്നു.ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും ബാബുവിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ചന്ദർ ഉദയ് സിംഗും, അഭിഭാഷകൻ റോമി ചാക്കോയും ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം സുപ്രിം കോടതി തള്ളുകയായിരുന്നു.