Kerala

കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

Spread the love

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പുതിയ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. പദ്ധതിയ്ക്ക് ഉചിതമായ പേരുകള്‍ നിര്‍ദ്ദേശിക്കാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സാങ്കേതിക വൈജ്ഞാനിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നതാവണം പേര്. പേര് ഇംഗ്ലീഷിലോ മലയാളത്തിലോ നിര്‍ദ്ദേശിക്കാം. സാങ്കേതികമായ നൂതനാശയങ്ങളെ പ്രായോഗികതയിലേക്ക് മാറ്റുന്നതിനെ സൂചിപ്പിക്കുന്നതാവണം. വൈജ്ഞാനിക സമ്പദ്ഘടന പടുത്തുയര്‍ത്തുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന ധാരണയോടെയാവണം നിര്‍ദ്ദേശം. നാമനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചു മണിയ്ക്കു മുമ്പ് [email protected] ലേക്ക് നല്‍കണം. പേര് തെരഞ്ഞെടുക്കുന്നതില്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.’ വിജയികളെ മെയിലിലോ ഫോണ്‍ വഴിയോ വിവരം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

‘പോളിടെക്നിക്കുകളും ടെക്നിക്കല്‍ ഹൈസ്‌കൂളുകളും മുന്നോട്ടുവയ്ക്കുന്ന പുതിയ സാധ്യതകള്‍ സമൂഹത്തെ ബോധ്യപ്പെടുത്താനും നല്ല അക്കാദമിക് നിലവാരവും അഭിരുചിയുമുള്ള വിദ്യാര്‍ത്ഥികളെ ക്യാമ്പസുകളിലേക്ക് ആകര്‍ഷിക്കാനുമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സൈക്കോമെട്രിക് ടെസ്റ്റ് സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടത്തും. ഇങ്ങനെ സാങ്കേതികവിദ്യയില്‍ അഭിരുചി തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോളിടെക്നിക്കുകളിലും ടെക്നിക്കല്‍ ഹൈസ്‌കൂളുകളിലും രൂപീകരിക്കുന്ന ഇന്നൊവേഷന്‍ ക്ലബ്ബുകള്‍ ആവശ്യമായ സാങ്കേതിക സഹായം നല്‍കും. ശില്‍പശാലകളും സംഘടിപ്പിക്കും.’ സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ രൂപീകരിക്കുന്ന യംഗ് ഇന്നൊവേഷന്‍ ക്ലബ്ബിലൂടെയാവും പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി പറഞ്ഞു.