National

‘ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരം, അല്ലെങ്കിൽ പുടിനെപ്പോലെ ബിജെപി രാജ്യം ഭരിക്കും’; ഖാർഗെ

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. ഇനിയൊരു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വിജയിച്ചാൽ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകും. റഷ്യയിൽ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കുമെന്നും ഖാർഗെ.

‘ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരമായിരിക്കും ഇത്. ഇനിയൊരു തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ജയിച്ചാൽ രാജ്യത്ത് ഏകാധിപത്യ ഭരണമായിരിക്കും. റഷ്യയിൽ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കും’- പാർട്ടി റാലിയിൽ സംസാരിക്കവെ ഖാർഗെ പറഞ്ഞു. ബിജെപി-ആർഎസ്എസ് ആശയങ്ങൾ വിഷമാണ്. അവരിൽ നിന്നും അകന്നു നിൽക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ഭയപ്പെടുത്തിയാണ് പ്രധാനമന്ത്രി മോദി ഇപ്പോഴത്തെ സർക്കാർ നയിക്കുന്നത്. ഇഡിയെയും ആദായനികുതി വകുപ്പിനെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ആയുധമാക്കി ബിജെപി മാറ്റി. ബിജെപി-ആർഎസ്എസ് ആശയങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണം. ഇവരുടെ ആശയങ്ങളെ എതിർത്താൽ ഭീഷണിയെത്തുടർന്ന് പാർട്ടിയും സൗഹൃദവും സഖ്യവും ഉപേക്ഷിക്കേണ്ടിവരുമെന്നും ഖാർഗെ പറഞ്ഞു.

ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നതിനാൽ രാഹുൽ ഗാന്ധിക്ക് നിരന്തരം ഭീഷണിയുണ്ടെന്ന് ഖാർഗെ അവകാശപ്പെട്ടു. ‘രാഹുൽ ഗാന്ധി അവരുടെ സമ്മർദ്ദത്തിന് വഴങ്ങാതെ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന അത്തരം ശക്തികൾക്കെതിരെ പോരാടുന്നത് തുടരുകയാണ്. ഇന്നും മണിപ്പൂരിൽ ആളുകൾ കൊല്ലപ്പെടുന്നു, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു, നൂറുകണക്കിന് വീടുകളും കാറുകളും കത്തിക്കുന്നു. എവിടെ മോദി ജി, എവിടെ ബിജെപി?’- ഖാർഗെ ചോദിച്ചു.