‘സ്വർഗീയ രൺജിത്ത് ശ്രീനിവാസന് നീതി ലഭിച്ചു’; സ്വാഗതാർഹമായ വിധിയെന്ന് കെ സുരേന്ദ്രൻ
ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. സ്വാഗതാർഹമായ വിധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . സ്വർഗ്ഗീയ രഞ്ജിത് ശ്രീനിവാസന് നീതി ലഭിച്ചു.
കുടുംബത്തിനും സഹപ്രവർത്തകർക്കും ആശ്വാസം. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും അഭിഭാഷകസംഘാംഗങ്ങൾക്കും അഭിനന്ദനങ്ങളെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ.
2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് SDPI നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.