World

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

Spread the love

സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര ഉപയോഗിച്ചുള്ള ദൗത്യമാണ് ഫലം കണ്ടത്. അറബിക്കടലിൽ കൊച്ചി തീരത്തിന് 700 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഇറാനിയൻ മത്സ്യബന്ധന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്.

ഇറാൻ്റെ പതാകയുള്ള മത്സ്യബന്ധന കപ്പൽ (എഫ്‌വി) ഇമാൻ്റെ സഹായ അഭ്യർത്ഥന നാവികസേനയ്ക്ക് ലഭിക്കുകയായിരുന്നു. പിന്നാലെ ഐഎൻഎസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടർ ഉപയോഗിച്ചുകൊണ്ട് കപ്പലുകള്‍ വിട്ടുനൽകണമെന്ന് സൂചന നൽകി. എന്നാൽ കൊള്ളക്കാർ തയാറായിരുന്നില്ല. കപ്പൽ വളഞ്ഞ ഇന്ത്യൻ നാവികസേന കൊള്ളക്കാരെ നിരായുധീകരിച്ചു. പിന്നാലെയാണ് രക്ഷാദൗത്യം ആരംഭിച്ചത്.

17 ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. ചെങ്കടലും അറബിക്കടലിൻ്റെ ചില ഭാഗങ്ങളും കപ്പലുകൾക്ക് നേരെ നടക്കുന്ന ഡ്രോൺ, കടൽക്കൊള്ളക്കാരുടെ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാവികസേന പ്രശ്നബാധിത മേഖലയിൽ നിരീക്ഷണം ശക്തമാക്കുകയും ഏകദേശം 10 യുദ്ധക്കപ്പലുകൾ അടങ്ങുന്ന ടാസ്ക് ഗ്രൂപ്പുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.