ചില എംഎൽഎമാർക്ക് മഹാസഖ്യം വിടാൻ താത്പര്യമില്ല; ജെഡിയുവിന്റെ നിർണ്ണായക നിയമസഭാ കക്ഷി യോഗം ഇന്ന്
ബിഹാർ രാഷ്ട്രീയത്തിൽ അവ്യക്തത തുടരുന്നു. ജെഡിയുവിന്റെ നിർണ്ണായക നിയമ സഭാ കക്ഷി യോഗം ഇന്ന് പട്നയിൽ ചേരും. നിതീഷിന്റ തിരിച്ചു വരവിന് ബിജെപി ദേശീയ നേതൃത്വം മുൻ കൈയ്യെടുത്ത് പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ജെഡിയുവിലെ ഒരു വിഭാഗത്തിന് മഹാസഖ്യം വിടാൻ താത്പര്യമില്ല.
12 ലധികം എംഎൽഎമാർ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തില്ല എന്നാണ് വിവരം. ഇന്ന് പത്തു മണിക്ക് ചേരുന്ന യോഗത്തിൽ അവരെ എത്തിക്കാൻ തീവ്ര ശ്രമങ്ങൾ നടക്കുന്നതായാണ് വിവരം. അല്ലാത്ത പക്ഷം, ആർജെഡി മന്ത്രിമാരെ പുറത്താക്കി, ആർജെഡി അംഗമായ സ്പീക്കർ അവദ് ബീഹാറി ചൗധരിക്കെതിരെ അവിശ്വാസം കൊണ്ടുവരാനാണ് പദ്ധതി. ബിജെപിയുടെ പിന്തുണക്കത്ത് ഇതിനകം തന്നെ തയ്യാറാണ്. സുശീൽ കുമാർ മോദിയെ ഉപമുഖ്യമന്ത്രിയാക്കണം എന്ന ഉപാധി നിതീഷ് ബിജെപിക്ക് മുന്നിൽ വച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിക്ക് ശേഷം ഉച്ചക്ക് 12 മണിയോടെ ഗവർണറെ കാണാനാണ് നിലവിൽ നിതീഷിന്റയും ബിജെപി നേതൃത്വത്തിന്റെയും തീരുമാനം. എന്നാൽ ജെഡിയുവിൽ നിന്നുള്ള 16 പേരുടെയും, ചില ബിജെപി അംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട് എന്നും നിതീഷിന് അത്ര എളുപ്പം ബിജെപി യോടൊപ്പം ചേരാൻ കഴിയില്ലെന്ന് ഉറപ്പാക്കുയിട്ടുണ്ട് എന്നുമാണ് ആർ ജെ ഡി ക്യാമ്പ് അവകാശപ്പെടുന്നത്.