അയോധ്യ പ്രാണ പ്രതിഷ്ഠ : എൽ.കെ അദ്വാനി പങ്കെടുക്കില്ലെന്ന് സൂചന
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി പങ്കെടുക്കില്ലെന്ന് സൂചന. പ്രദേശത്ത് കടുത്ത തണുപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. രാമ ക്ഷേത്രത്തിനായി പ്രയത്‌നിച്ചവരിൽ പ്രധാനിയാണ് അദ്വാനി.
പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള തിയതി നിശ്ചയിച്ചതിന് പിന്നാലെ പല മുതിർന്ന നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അദ്വാനിക്ക് ലഭിച്ചിരുന്നില്ല. എൽ കെ അദ്വാനിയുടേയും മുരളി മനോഹർ ജോഷിയുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യർത്ഥിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് അറിയിച്ചിരുന്നു. എന്നാൽ രാമക്ഷേത്ര നിർമ്മാണത്തിനായി പ്രചാരണം ആരംഭിച്ച മുതിർന്ന നേതാക്കളെ മാറ്റി നിർത്തുന്നതിൽ ബിജെപി ക്ക് ഉള്ളിൽ നിന്നു തന്നെ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഇരുവരേയും പിന്നീട് ക്ഷണിക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്വാനിയും മുരളി മനോഹർ ജോഷിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യ യജമാനൻ. നരേന്ദ്ര മോദിയെ കൂടാതെ, മത, രാഷ്ട്രീയ, ചലച്ചിത്ര, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിനെത്തും. ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്ത് ശ്രീകോവിലിൽ ഉണ്ടാവുക. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികൾക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാൻ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.