Kerala

KSRTC ഇ-ബസ് ലാഭകണക്ക് പുറത്തുവന്നതിൽ K.B ഗണേഷ് കുമാറിന് അതൃപ്തി; വിശദീകരണം തേടി

Spread the love

KSRTCയുടെ ഇലക്ട്രിക്ക് ബസ് വരുമാനവുമായി ബന്ധപ്പെട്ട വാർഷിക കണക്ക് മാധ്യമങ്ങൾക്ക് ലഭിച്ചതിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് അതൃപ്തി. കണക്ക് ചോർന്നതിൽ മന്ത്രി ഗണേഷ്‌കുമാർ സിഎംഡിയോട് വിശദീകരണം തേടി. ഇ ബസ് നഷ്ടമെന്ന് ഗണേഷ്‌കുമാർ പറഞ്ഞപ്പോൾ ലാഭകരമെന്ന് KSRTC വ്യക്തമാക്കിയിരുന്നു.

ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വാദം ശരിയല്ലെന്നാണ് കെഎസ്ആർ‌ടിസിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. ഇ–ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. ജൂലൈയിൽ ഇത് 13.46 രൂപ വരെയായി ഉയർന്നിരുന്നുതാനും.

2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. ഈ കണക്കാകും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) ബിജു പ്രഭാകർ നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയെന്നാണു സൂചന.

സ്മാർട് സിറ്റി, കിഫ്ബി പദ്ധതികൾ വഴി ലഭിക്കാനിരുന്ന 45 ഇ–ബസുകൾക്കു പകരം ഡീസൽ ബസുകൾ വേണമെന്നാവശ്യപ്പെട്ട് കത്തു നൽകാൻ സിഎംഡി നിർദേശം നൽകിയിരുന്നു.950 ഇ–ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രി ഇ–സേവ ബസ് പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല.

ബസും ഡ്രൈവറും കേന്ദ്രം സംസ്ഥാനങ്ങൾക്കു ലഭ്യമാക്കുന്ന പദ്ധതിയാണത്. ലാഭവിഹിതം കേന്ദ്രത്തിനും നൽകണം. ഈ ബസുകളെത്തിയാൽ ഇന്ധനച്ചെലവിൽ മാസം 15 കോടിയെങ്കിലും ലാഭിക്കാമെന്നാണ് കെഎസ്ആർടിസിയുടെ തന്നെ റിപ്പോർട്ട്.