National

‘പ്രാണപ്രതിഷ്ഠാ’; കോൺഗ്രസ് നിലപാടിൽ അതൃപ്തി, പാർട്ടി എംഎൽഎ നിയമസഭാംഗത്വം രാജിവച്ചു

Spread the love

രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ വിഷയത്തിൽ പാർട്ടിയുടെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് എംഎൽഎ നിയമസഭാംഗത്വം രാജിവച്ചു. ഗുജറാത്തിലെ വിജാപൂർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ മുതിർന്ന നേതാവ് സി.ജെ ചാവ്ദയാണ് രാജിവച്ചത്. രാമക്ഷേത്ര വിഷയത്തിൽ രാജ്യത്തെ ജനങ്ങൾക്കൊപ്പം ആഹ്ലാദിക്കുന്നതിന് പകരം പാർട്ടി സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു.

“കോൺഗ്രസിൽ നിന്ന് രാജിവച്ചു. 25 വർഷം പാർട്ടിക്കായി പ്രവർത്തിച്ചിട്ടുണ്ട്. രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങ് നടക്കാനിരിക്കെ രാജ്യം മുഴുവൻ ആഹ്ലാദത്തിലാണ്. ആ സന്തോഷ തരംഗത്തിന്റെ ഭാഗമാകുന്നതിന് പകരം ഈ പാർട്ടി കാണിച്ച സമീപനമാണ് തീരുമാനത്തിന് പിന്നിൽ. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും പ്രവർത്തനങ്ങളെയും നയങ്ങളെയും പിന്തുണയ്ക്കണം. കോൺഗ്രസിൽ നിന്നുകൊണ്ട് അത് ചെയ്യാൻ കഴിയില്ല”- സി.ജെ ചാവ്ദ പറഞ്ഞു.

കോൺഗ്രസ് വിട്ട ചാവ്ദ ബിജെപിയിൽ ചേരുമെന്നാണ് സൂചന. നേരത്തെ ആനന്ദ് ജില്ലയിലെ ഖംഭാട്ടിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ചിരാഗ് പട്ടേലും നിയമസഭയിൽ നിന്ന് രാജിവച്ചിരുന്നു. 182 അംഗ ഗുജറാത്ത് നിയമസഭയിൽ നിന്ന് ചാവ്ദ കൂടി രാജിവച്ചതോടെ കോൺഗ്രസ് എംഎംഎൽമാരുടെ എണ്ണം 15 ആയി കുറഞ്ഞു.