Kerala

കേന്ദ്ര അവ​ഗണനക്കെതിരെ പ്രതിഷേധം; കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് DYFI

Spread the love

കേന്ദ്ര അവഗണനക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലെ തീർത്ത് ഡിവൈഎഫ്‌ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ആളുകളാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായത്. കാസർഗോഡ് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോൾ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തിരുവനന്തപുരത്ത് അവസാന കണ്ണിയായി.

ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്ന മുദ്രവാക്യവുമായാണ് മനുഷ്യച്ചങ്ങല തീർത്തത്. വൈകുന്നേരം അഞ്ചു മണിക്ക് മനുഷ്യച്ചങ്ങലയിൽ അണിനിരന്നവർ പ്രതിജ്ഞയെടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളും നിരവധി പ്രമുഖരും മനുഷ്യച്ചങ്ങലയായി അണിനിരന്നു.

കേന്ദ്രത്തിന്റെ അവഗണന കേരളത്തിലെ എല്ലാ ജനങ്ങളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തെ ഉൾപ്പെടെ ബാധിക്കുന്നു, ഇനിയും സഹിക്കണോ കേന്ദ്രത്തിന്റെ ഈ അവഗണനയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രതികരിച്ചു.

സാമ്പത്തിക ഉപരോധം സൃഷ്ടിച്ച് കേരളത്തിനെ ഞെക്കിക്കൊല്ലാൻ കേന്ദ്രംശ്രമിക്കുന്നുവെന്നും മനുഷ്യച്ചങ്ങല വലിയ ചരിത്രനിമിഷമായി മാറാൻ പോവുകയാണെന്നും ചിന്ത ജെറോം പറഞ്ഞു. ഇത് മലയാളികളുടെ പ്രതിഷേധമാണ്. കേരളത്തിനെതിരെ കേന്ദ്രം സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇന്ത്യൻയൂണിയന്റെ അടിമയല്ലകേരളമെന്നും എം സ്വരാജ് പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവൻ, എം എ ബേബി, തോമസ് ഐസക്, സംവിധായകൻ ആഷിഖ് അബു അടക്കം ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നിൽ ചങ്ങലയിൽ കണ്ണിയായി.