National

അയോധ്യയിലെ താത്കാലില രാമക്ഷേത്ര ദർശനം ഇന്ന് അവസാനിക്കും; പുറത്തുനിന്ന് അയോധ്യയിലേക്ക് പ്രവേശനമില്ല

Spread the love

അയോധ്യയിലെ താത്കാലിക രാമക്ഷേത്രത്തിലെ പൊതുജനങ്ങൾക്കുള്ള ദർശനം ഇന്ന് അവസാനിക്കും. പ്രാണ പ്രതിഷ്ഠക്കുശേഷം പുതിയ ക്ഷേത്രത്തിൽ 23 മുതലാണ് ഇനി ദർശനാനുമതി. പ്രാണപ്രതിഷ്ഠയ്‌ക്കു ശേഷം താത്കാലിക ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹവും ഗർഭഗൃഹത്തിൽ സ്ഥാപിക്കും. ഉത്സവ വിഗ്രഹമായി ആകും താൽക്കാലിക രാമക്ഷേത്രത്തിലെ രാംലല്ല കണക്കാക്കുക.

അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ഓണവില്ല് സമർപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഓണവില്ല് സമർപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കുന്നതാണ്.

ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഇന്ന് രാവിലെ മുതൽ ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠ ദിനത്തിലാണ് ഓണവില്ല് സമർപ്പിക്കുക.

രാമ ക്ഷേത്ര ഉദ്ഘാടനത്തിൻ്റെ പശ്ചാത്തലത്തിൽ പുറത്തുനിന്ന് അയോധ്യയിലേക്ക് പ്രവേശനം നിരോധിക്കും. ബസുകളും ചെറുവാഹനങ്ങളും അടക്കം നഗരത്തിനു പുറത്ത് സർവീസുകൾ അവസാനിപ്പിക്കണം എന്നാണ് നിർദ്ദേശം. അയോധ്യയിലേക്കുള്ള ട്രെയിനുകൾ 23 ആം തീയതി വരെ നിർത്തി. ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് പ്രത്യേക ക്ഷണമനുസരിച്ചു വരുന്ന ഏഴായിരത്തോളം പേർക്കും മാധ്യമങ്ങൾക്കും വോളന്റിയർമാർക്കും മാത്രമാകും ഇനി അയോധ്യയിലേക്ക് പ്രവേശനം.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും. ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി.

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നൽകണമെന്നാണ് ആവശ്യം. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബിസിഐ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര കത്തിൽ പറയുന്നു.