Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരും

Spread the love

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ ഇന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരും. കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് പ്രതിഷേധം. സംസ്ഥാന അധ്യക്ഷനെ രാഷ്ട്രീയ വൈരാഗ്യത്താല്‍ അറസ്റ്റ് ചെയ്തുവെന്നു ആരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത്‌കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് ഉള്‍പ്പെടെ നടത്തിയിരുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി ജനുവരി 17ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.

അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ മാസം 22വരെ രാഹുലിനെ റിമാന്‍ഡില്‍ വിടുകയും ചെയ്തു.