Sports

കേരള – അസം മത്സരം സമനിലയിൽ; കേരളത്തിന് ആദ്യ ഇന്നിംഗ്സ് ലീഡ്

Spread the love

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ കേരളവും അസവും തമ്മിലുള്ള മത്സരം സമനിലയിൽ. ഫോളോ ഓൺ വഴങ്ങിയ അസം രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസ് എന്ന നിലയിൽ നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയതിനാൽ കേരളത്തിന് മൂന്ന് പോയിൻ്റ് ലഭിച്ചു.

ആദ്യ ഇന്നിംഗ്സിൽ അസമിനെ 248 റൺസിന് എറിഞ്ഞിട്ട കേരളം 171 റൺസിൻ്റെ ലീഡാണ് നേടിയത്. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച അസം 17 റൺസ് കൂടി കൂട്ടിച്ചേർക്കെ ഓൾ ഔട്ടായി. കേരളത്തിനായി ബേസിൽ തമ്പി അഞ്ചും ജലജ് സക്സേന നാലും വിക്കറ്റ് വീഴ്ത്തി. 116 റൺസ് നേടിയ ക്യാപ്റ്റൻ റിയാൻ പരാഗിൻ്റെ ഇന്നിംഗ്സാണ് അസമിനെ കനത്ത തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

ഒന്നാം ഇന്നിംഗ്സിൽ കേരളം 419 റൺസാണ് നേടിയത്. 131 റൺസ് നേടി സച്ചിൻ ബേബി ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (83), കൃഷ്ണ പ്രസാദ് (80), രോഹൻ പ്രേം (50) എന്നിവർ ഫിഫ്റ്റിയടിച്ചു. മറുപടി ബാറ്റിംഗിൽ 3 വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിൽ നിന്നാണ് പരാഗിൻ്റെ ഒറ്റയാൾ പോരാട്ടം അസമിനെ മാന്യമായ സ്കോറിലെത്തിച്ചത്. പരാഗ് കഴിഞ്ഞാൽ അടുത്ത ടോപ്പ് സ്കോറർ ഓപ്പണർ റിഷവ് ദാസ് (31) ആയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത അസം ബാറ്റര്‍മാര്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഓപ്പണര്‍ രാഹുല്‍ ഹസാരിക 107 റണ്‍സുമായി ടോപ്പ് സ്കോററായി. 45 റണ്‍സെടുത്ത മറ്റൊരു ഓപ്പണര്‍ റിഷവ് ദാസും തിളങ്ങി.

ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുമായി കേരളം മൂന്നാമതാണ്. രണ്ട് മത്സരങ്ങളും വിജയിച്ച മുംബൈ ഒന്നാമതും ഒരു കളി വിജയിച്ച് ഒരു കളി സമനില വഴങ്ങിയ ഛത്തീസ്ഗഡ് രണ്ടാം സ്ഥാനത്തുമാണ്.