Kerala

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്; ഷാഫി പറമ്പില്‍ ഒന്നാം പ്രതി; 150 പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

Spread the love

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 150 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കന്റോണ്‍മെന്റ് പൊലീസ് എടുത്തിരിക്കുന്ന കേസില്‍ ഷാഫി പറമ്പിലടക്കം അഞ്ചു പ്രതികളാണ് ഉള്ളത്. യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ സംഘര്‍ഷഭരിതമായിരുന്നു. പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ഷാഫി പറമ്പിലാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പൊലീസിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ മൂന്നാം പ്രതിയായ തന്നെ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് ഷാഫി പറമ്പില്‍ വെല്ലുവിളിച്ചു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസും പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.