Sports

ലൂണയ്ക്ക് പകരക്കാരനെത്തി; ലിത്വാനിയൻ ക്യാപ്റ്റൻ ബ്ലാസ്റ്റേഴ്സിൽ

Spread the love

പരുക്കേറ്റ അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരനായി ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ സെർനിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസൺ അവസാനിക്കും വരെ താരവുമായി കരാറിലായെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. മെഡിക്കൽ പൂർത്തിയാക്കി താരം ഉടൻ ടീമിനൊപ്പം ചേരും. ഇപ്പോൾ നടക്കുന്ന സൂപ്പർ കപ്പിൽ ഫെഡോർ കളിക്കുമോ എന്ന് വ്യക്തമല്ല.

32കാരനായ മുന്നേറ്റ താരമാണ് ഫെഡോർ സെർനിച്ച്. മുന്നേറ്റ നിരയിലെ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള ഫെഡോർ സൈപ്രസ് ക്ലബ് എഎഎൽ ലിമസോളിലാണ് അവസാനമായി കളിച്ചത്. 2012 മുതൽ ലിത്വാനിയൻ ടീമിൽ കളിക്കുന്ന താരം ടീമിനായി 82 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടി.

അതേസമയം, സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ് വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ബിയിൽ ഐലീഗ് ക്ലബ് ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര ഇരട്ട ഗോളുകൾ നേടിയപ്പോൾ മുഹമ്മദ് ഐമൻ ഒരു ഗോൾ നേടി. റെനാൻ പൗളീഞ്ഞോ ഷില്ലോങ് ലജോങിൻ്റെ ആശ്വാസ ഗോൾ നേടി.

പ്രമുഖ താരങ്ങളെയൊക്കെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ കളത്തിൽ ബ്ലാസ്റ്റേഴ്സിനു തന്നെയായിരുന്നു ആധിപത്യം. 15ആം മിനിട്ടിൽ ഡയമൻ്റക്കോസ് നൽകിയ ഒരു ത്രൂ ബോളിൽ നിന്ന് ക്വാമെ പെപ്ര ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. 26ആം മിനിട്ടിൽ പ്രബീർ ദാസിൻ്റെ ക്രോസിൽ നിന്ന് പെപ്ര ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിട്ടുകൾക്കുള്ളിൽ ഷില്ലോങ് ലജോങ് ഒരു ഗോൾ തിരിച്ചടിച്ചു. പെനാൽറ്റിയിലൂടെയായിരുന്നു റെനാൻ പൗളീഞ്ഞോയുടെ ഗോൾ. 46ആം മിനിട്ടിൽ ഡൈസുകെ സകായുടെ ക്രോസിൽ നിന്ന് ഐമൻ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിലെ ആദ്യ ഗോൾ കണ്ടെത്തി. തുടർന്നും പൊസിഷൻ ഫുട്ബോളുമായി നിറഞ്ഞുകളിച്ച ബ്ലാസ്റ്റേഴ്സ് ഷില്ലോങ് ലജോങിനെ വെള്ളം കുടിപ്പിച്ചു. രണ്ടാം പകുതിയുടെ അവസാനത്തിലാണ് ഷില്ലോങ് ലജോങ് നിറഞ്ഞുകളിച്ചത്. അവർ ഒരു ഗോൾ കൂടി തിരിച്ചടിക്കാൻ കിണഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വഴങ്ങിയില്ല. പെപ്രയാണ് കളിയിലെ താരം.

ഈ മാസം 15ന് ജംഷഡ്പൂർ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.